ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

322

കൊച്ചി: ഇരുന്പനം ഐഒസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരും സംയുക്ത തൊഴിലാളി യൂണിയനും ചേര്‍ന്ന് ആരംഭിച്ച അനിശ്ചിതകാല ടാങ്കര്‍ ലോറി പണിമുടക്ക് പിന്‍വലിച്ചു. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുമായി സമരസമിതി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ടെണ്ടര്‍ നടപടി ഒരു മാസത്തേക്ക് മാറ്റിവെക്കാമെന്ന കലക്ടര്‍ നിര്‍ദ്ദേശം വയ്ക്കുകയായിരുന്നു.ടാന്‍സ്പോര്‍ട്ടേഷന്‍ ടെന്‍ഡറിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഐഒസി ബിപിസിഎല്‍ എച്ച്‌പിസിഎല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരം ആരംഭിച്ചത്. പുതുക്കിയ കരാര്‍ വ്യവസ്ഥ വന്‍കിട ട്രക്ക് ഉടമകളെ സഹായിക്കുന്നതിനാണ് എന്നാണ് ആരോപണമുയര്‍ന്നിരുന്നത്.ട്രക്കുകളുടെ എണ്ണത്തില്‍ 610ല്‍ നിന്നും 550ലേക്ക് വെട്ടിചുരുക്കിയിരുന്നു. പുതിയ കരാര്‍ അനുസരിച്ച്‌ അന്‍പത് ട്രക്കുകള്‍ ഉള്ളവര്‍ക്ക് മാത്രമെ സര്‍വീസ് നടത്താനുള്ള ലൈസന്‍സ് നല്‍കുകയൊള്ളു എന്ന സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. മുന്‍പ് 20000,10000 ലിറ്റര്‍ വരെ സര്‍വ്വീസ് നടത്തിയിരുന്ന ട്രക്കുടമകള്‍ക്ക് ഒരേ വേതനമാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും ആരോപിച്ചാണ് സമരം.പുതുക്കിയ ടെണ്ടര്‍ നടപടികള്‍ മൂലം ചെറുകിട കരാറുകാരായ ടാങ്കര്‍ ലോറികള്‍ക്ക് ലഭിക്കുന്ന കരാറില്‍ കുറവുണ്ടാകുമെന്നും വന്‍കിടക്കാരെയാണ് ഇത് സഹായിക്കുകയെന്നുമാണ് സമരസമിതിയുടെ ആരോപണം. നേരത്തേ നടത്തിയ സമരം പിന്‍വലിക്കുന്നതിന് അധികൃതര്‍ നല്‍കിയ ഉറപ്പുപ്രകാരം ഓണം കഴിഞ്ഞ് വീണ്ടും ചര്‍ച്ച നടത്തി ടെണ്ടര്‍ നടപടികളിലെ അപാകത പരിഹരിക്കുമെന്ന തീരുമാനത്തില്‍നിന്ന് അധികൃതര്‍ പിന്നോട്ടുപോയതാണ് പണിമുടക്കിന് വഴിവെച്ചതെന്നും അവര്‍ വ്യക്തമാക്കി. കലക്ടറുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.