തമിഴ്നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യത ; ഗവര്‍ണര്‍ യോഗം വിളിച്ചു

193

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആസ്പത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വവുമായി കൂടിക്കാഴ്ച നടത്തുന്നു. ചീഫ് സെക്രട്ടറിയും മന്ത്രി ഇ.പഴനി സ്വാമിയും പനീര്‍ ശെല്‍വത്തിനൊപ്പമുണ്ട്.ജയലളിതയ്ക്ക് ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകണമെങ്കില്‍ കൂടുതല്‍ കാലം ചികിത്സ വേണ്ടിവരും എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുത്ത് തിരികെ എത്തുന്നത് വരെ മറ്റാരെയെങ്കിലും താല്‍ക്കാലികമായി ചുമതല ഏല്‍പ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തില്‍ നടക്കുന്ന യോഗത്തില്‍ നേതൃമാറ്റം സംബന്ധിച്ച തീരുമാനമാകുമെന്നാണ് വിവരം. പനീര്‍ശെല്‍വമോ, പഴനി സ്വാമിയോ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. മുമ്ബ് ജയലളിതയ്ക്ക് പകരക്കാരനായിട്ടുള്ള പനീര്‍ ശെല്‍വത്തിനായി സാധ്യത കൂടുതല്‍.മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തില്‍ സംസ്ഥാനത്ത് തുടരുന്ന ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. രണ്ടാഴ്ചയിലധികമായി ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലാണ് ജയലളിത. കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയുമാണ് ജയലളിതയ്ക്ക്.

NO COMMENTS

LEAVE A REPLY