അതിവേഗ ട്രെയിനായ ടാല്‍ഗോയുടെ ഡല്‍ഹി-മുംബൈ പാതയിലെ അവസാന പരീക്ഷണ ഓട്ടം നാളെ

192

ന്യൂഡല്‍ഹി• സ്പാനിഷ് നിര്‍മിത അതിവേഗ ട്രെയിനായ ടാല്‍ഗോയുടെ ഡല്‍ഹി-മുംബൈ പാതയിലെ അവസാന പരീക്ഷണ ഓട്ടം നാളെ നടക്കും. ഡല്‍ഹി-മുംബൈ പാതയിലെ യാത്രാസമയത്തില്‍ നാലു മണിക്കൂറിന്റെ കുറവ് വരുത്താന്‍ സാധിക്കുന്ന അതിവേഗ ട്രെയിനാണിത്. നിലവില്‍ ഡല്‍ഹി-മുംബൈ പാതയില്‍ ട്രെയിന്‍ യാത്രയ്ക്ക് വേണ്ടത് 16 മണിക്കൂറാണെങ്കില്‍, ടാല്‍ഗോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാസമയം 12 മണിക്കൂറിന് താഴെയായി കുറയും. നിലവില്‍ ഈ പാതയില്‍ ഏറ്റവും വേഗത്തില്‍ സ‍ഞ്ചരിക്കുന്ന രാജധാനി എക്സ്പ്രസ് 16 മണിക്കൂറെടുത്താണ് ഡല്‍ഹിയില്‍നിന്ന് മുംബൈയിലെത്തുന്നത്.മണിക്കൂറില്‍ 200 കിലോമീറ്ററില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒന്‍പത് ബോഗികള്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സ്പെയിനില്‍നിന്ന് ഇറക്കുമതി ചെയ്ത് മുംബൈയില്‍ എത്തിച്ചത്.

നാളെ ഉച്ചകഴിഞ്ഞ് 2.45ന് ഡല്‍ഹിയില്‍നിന്ന് യാത്രയാരംഭിക്കുന്ന ടാല്‍ഗോ ട്രെയിന്‍, രാത്രി 11.45ഓടെ മുംബൈയിലെത്തും. മണിക്കൂറില്‍ 150 കിലോമീറ്ററായിരിക്കും അവസാന പരീക്ഷണ ഓട്ടത്തില്‍ ട്രെയിനിന്റെ വേഗം.
ഇതുവരെ നാലു തവണ പരീക്ഷണ ഓട്ടം നടത്തിയെങ്കിലും അതില്‍ മൂന്നു തവണയും ട്രെയിന്‍ ഉദ്ദേശിച്ച വേഗത്തില്‍ ഓടിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ നടന്ന നാലാം പരീക്ഷണ ഓട്ടത്തില്‍ 18 മിനിറ്റ് വൈകിയാണ് ട്രെയിന്‍ മുംബൈയിലെത്തിയത്. 1,400 കിലോമീറ്ററാണ് ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള ദൂരം. നാളെ നടക്കുന്ന അവസാന പരീക്ഷണ ഓട്ടത്തിന്റെകൂടി ഫലമനുസരിച്ചായിരിക്കും ഡല്‍ഹി-മുംബൈ പാതയില്‍ ടാല്‍ഗോ ട്രെയിനുകള്‍ ഓടിക്കണോ എന്നു തീരുമാനിക്കുക. ഇതുപോലുള്ള കൂടുതല്‍ ബോഗികള്‍ക്കായി മറ്റു ട്രെയിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് റയില്‍വേ വക്താക്കള്‍ അറിയിച്ചു.
ടാല്‍ഗോ വിശേഷങ്ങള്‍
ഭാരം കുറവുള്ള ടാല്‍ഗോ ട്രെയിനിന് ഒന്‍പതു കോച്ചുകളാണുള്ളത്. സെമി സ്ലീപ്പറിനു സമാനമായ നാലു ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എക്സിക്യുട്ടിവ് ചെയര്‍ കാര്‍ കോച്ചുകളുമാണുള്ളത്.
ഒരു കഫെറ്റീരിയ, ജനറേറ്റര്‍ കോച്ച്‌, ജീവനക്കാര്‍ക്കും ഉപകരണങ്ങള്‍ക്കുമായുള്ള കോച്ച്‌ എന്നിവയാണു മറ്റുള്ളവ. റായ് ബറേലി-മൊറാദാബാദ് പാതയിലായിരുന്നു ഇൗ ട്രെയിനിന്റെ ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണ സര്‍വീസ്.
പല്‍വല്‍-മഥുര പാതയില്‍ രണ്ടാമത്തെ പരീക്ഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഡല്‍ഹി-മുംബൈ പാതയില്‍ ഓടിക്കുന്നത്.

NO COMMENTS

LEAVE A REPLY