ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി

375

മുംബൈ • ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന ടാറ്റാ കുടുംബാംഗമല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരമിച്ച്‌ വിശ്രമജീവിതം നയിക്കുന്ന രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനാകും. ടാറ്റ ഗ്രൂപ്പ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് തീരുമാനം. നാലു മാസത്തേയ്ക്കാണ് ഇടക്കാല ചെയര്‍മാനായുള്ള രത്തന്‍ ടാറ്റയുടെ തിരിച്ചുവരവ്. ഈ കാലയളവിനുള്ളില്‍ ടാറ്റാ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും. ഇതിനായി രത്തന്‍ ടാറ്റ, റോണന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. 2012ലാണ് രത്തന്‍ ടാറ്റയില്‍നിന്ന് സൈറസ് മിസ്ത്രി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ടാറ്റാ സ്റ്റീലിന്റെ ചെയര്‍മാനായിരുന്ന റൂസി മോഡിയ്ക്കുശേഷം ടാറ്റാ കുടുംബത്തില്‍നിന്നല്ലാതെ ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെയാളായിരുന്നു സൈറസ് മിസ്ത്രി. ടാറ്റ ഗ്രൂപ്പിലെ ടാറ്റ സണ്‍സില്‍ 18 ശതമാനം ഓഹരിയുള്ള പുല്ലോല്‍ജി മിസ്ത്രിയുടെ മകനാണ് സൈറസ്. ഒരു സ്വതന്ത്ര പാനല്‍ 18 മാസം ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്ബനികളുടെ മേധാവികള്‍ക്കിടയില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സൈറസിനെ ചെയര്‍മാനായി കണ്ടെത്തിയത്. അരനൂറ്റാണ്ടോളം ടാറ്റ ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച രത്തന്‍ ടാറ്റ തന്റെ എഴുപത്തിയഞ്ചാം വയസ്സിലാണ് വിശ്രമജീവിതത്തിനായി വിട പറഞ്ഞത്. 21 വര്‍ഷമായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY