നടരാജന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്‍റെ പുതിയ ചെയര്‍മാന്‍

231

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ നടരാജന്‍ ചന്ദ്രശേഖരനെ ടാറ്റ സണ്‍സ് ചെയര്‍മാനായി നിയമിച്ചു. ടാറ്റ സണ്‍സിന്‍റെ ആദ്യത്തെ പാഴ്സി ഇതര ചെയര്‍മാനാണ് ചന്ദ്രശേഖരന്‍. ഫെബ്രുവരി 21ന് അദ്ദേഹം ചുമതലയേല്‍ക്കും. സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല ചെയര്‍മാനായി ചുമതലയേറ്റ രത്തടന്‍ ടാറ്റയുടെ പകരക്കാരനായാണ് ചന്ദ്രശേഖരന്‍ ടാറ്റയുടെ തലപ്പത്തേക്ക് എത്തുന്നത്. ടി.സി.എസിന്‍റെ എം.ഡിയും സി.ഇ.ഒയും എന്ന നിലയില്‍ അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖരനെന്ന് ടാറ്റ സണ്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ടാറ്റയെ അദ്ദേഹം മികച്ച രീതയില്‍ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. മുംബൈയിലെ ടാറ്റ ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ചന്ദ്രശേഖരനെ പുതിയ ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം എടുത്തത്. തമിഴ്നാട് സ്വദേശിയാണ് ചന്ദ്രശേഖരന്‍. ട്രിച്ചിയിലെ റീജണല്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് എം.സി.എ നേടിയ അദ്ദേഹം 1987ലാണ് ടി.സി.എസില്‍ ചേരുന്നത്. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ 2009-10 സാന്പത്തിക വര്‍ഷത്തില്‍ ടി.സി.എസിന്‍റെ ലാഭം മൂന്നിരട്ടി വര്‍ധിച്ച്‌ 30,029 കോടി ആയിരുന്നു. 2015-16ല്‍ അത് ഒരു ലക്ഷം കോടിയായി വര്‍ധിച്ചു.

NO COMMENTS

LEAVE A REPLY