സിറിയയില്‍ യുഎന്‍ സഹായവുമായി പോയ ട്രക്കുകള്‍ക്ക് നേരെ വ്യോമാക്രമണം

165

ദമാസ്ക്കസ്• സിറിയയിലെ വിമത മേഖലയില്‍ യുഎന്‍ സഹായവുമായി പോവുകയായിരുന്ന ട്രക്കുകള്‍ക്കു നേരെ വ്യോമാക്രമണം. അലപ്പോ നഗരത്തിനു സമീപമാണ് ഇരുപതിലധികം വരുന്ന ട്രക്കുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. ഒരാഴ്ചയായി തുടരുന്ന വെടിനിര്‍ത്തലിന് ഇതോടെ അവസാനമായെന്നു സിറിയന്‍ സൈന്യം വ്യക്തമാക്കി.ആഭ്യന്തരയുദ്ധം നാശം വിതച്ച മേഖലകളിലേക്കു സഹായവുമായി പോവുകയായിരുന്ന ട്രക്കുകളാണ് ആക്രമണത്തിനിരയായത്. 21 ഓളം ട്രക്കുകള്‍ ആക്രമണത്തില്‍ തകര്‍ന്നതായാണു വിവരം. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. യുദ്ധക്കെടുതിയില്‍ വലയുന്ന 78,000 ആളുകള്‍ക്കു സഹായവുമായി പോവുകയായിരുന്നു ട്രക്കുകള്‍. ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളുമാണ് പ്രധാനമായും ട്രക്കുകളിലുണ്ടായിരുന്നത്.നഗരാതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളിലേക്കു മിസൈലുകള്‍ പതിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗികമായി പുറത്തു വരുന്ന വിവരം. ട്രക്കിലുണ്ടായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണെന്നു വിമതര്‍ ആരോപിക്കുന്നു.വെടിനിര്‍ത്തല്‍ നിലവില്‍ വന്ന സിറിയയില്‍ അമേരിക്കയും റഷ്യയും അറിയാതെ ഇത്തരമൊരു ആക്രമണം ഉണ്ടാകില്ലെന്നും ആക്ഷേപമുണ്ട്. ആക്രമണത്തില്‍ സൈന്യവും വിമതരും പരസ്പരം പഴിചാരുകയാണ്.

NO COMMENTS

LEAVE A REPLY