ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ശരിവച്ച്‌ പാക്കിസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ; പാക്ക് എസ്പിയുടെ സംഭാഷണം പൂര്‍ണരൂപം

178

ന്യൂഡല്‍ഹി • പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ശരിവച്ച്‌ പാക്കിസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍. പ്രമുഖ ദേശീയ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ മിര്‍പുര്‍ മേഖലയുടെ ചുമതലയുള്ള ഐജി മുഷ്താഖ് എന്ന പേരില്‍ പാക്ക് അധീന കശ്മീരിലെ മിര്‍പുര്‍ എസ്പി ഗുലാം അക്ബറുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നു.

ചോദ്യം: ഗുലാമാണോ? ഐജി മുഷ്താഖാണ് സംസാരിക്കുന്നത്. നിങ്ങള്‍ക്ക് സുഖമാണോ?
ഉത്തരം: സര്‍, ദൈവകൃപയാല്‍ സുഖമായിരിക്കുന്നു
ചോദ്യം: എന്താണ് അവിടെ സംഭവിക്കുന്നത്? നിങ്ങളുടെ പ്രദേശത്ത് വലിയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടല്ലോ?
ഉത്തരം : അതെ സര്‍, അതിര്‍ത്തിയിലാണ് സംഘര്‍ഷം.

പക്ഷേ ഇന്നു രാവിലെ മുതല്‍ സംഘര്‍ഷത്തിന് കുറച്ച്‌ അയവ് വന്നിട്ടുണ്ട്.
ചോദ്യം: മിന്നലാക്രമണം നടത്തിയതായി അവര്‍ (ഇന്ത്യ) പറയുന്നുണ്ടല്ലോ
ഉത്തരം: 29 ന് നടന്ന മിന്നലാക്രമണത്തെക്കുറിച്ചാണോ സര്‍ പറയുന്നത്. അതില്‍ നമ്മുടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. സൈന്യം ഇതുവരെ പുറത്തുവിട്ട വിവരം ഇങ്ങനെയാണ്.
ചോദ്യം: എന്നാല്‍ അവര്‍ (ഇന്ത്യ) പറയുന്നത് 30-40 പേര്‍ കൊല്ലപ്പെട്ടെന്നാണല്ലോ?
ഉത്തരം: അതെ, ഒരുപാട്പേര്‍ മരിച്ചെന്നു അവര്‍ അവകാശപ്പെടുന്നുണ്ട്. മിന്നലാക്രമണത്തില്‍ വലിയ രീതിയില്‍ നാശം വിതച്ചതായും പറയുന്നുണ്ട്. എന്നാല്‍ അത്ര വലിയ നാശം ഉണ്ടായിട്ടില്ല. പക്ഷേ അവര്‍ (ഇന്ത്യ) ആ രാത്രിയില്‍ (സെപ്റ്റംബര്‍ 29) നിയന്ത്രണരേഖ കടന്നു .
ചോദ്യം: അതെ, പക്ഷേ ആത്‍മുഖാമില്‍ ആരെങ്കിലും ചെന്നോ?
ഉത്തരം: ഇല്ല സര്‍, ആത്‍മുഖാമില്‍ ആരും ചെന്നില്ല. പക്ഷേ ലീപയില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അത്ഹിറായില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ചോദ്യം: നിങ്ങളുടെ കണക്കനുസരിച്ച്‌ എത്ര പേര്‍ കൊല്ലപ്പെട്ടു കാണും?
ഉത്തരം: സര്‍, മിന്നലാക്രമണത്തില്‍ മൊത്തമായി 12 ഓളം പേര്‍ മരിച്ചിട്ടുണ്ടാകും.
ചോദ്യം: ഒറ്റ ക്യാംപിലോ?
ഉത്തരം: അല്ല സര്‍, ഒരു ക്യാംപിലല്ല, മൊത്തത്തില്‍. ഇതിനെപ്പറ്റി വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമേ പുറത്തു വിട്ടിട്ടുള്ളൂ സര്‍, ആ സ്ഥലങ്ങളൊക്കെ സൈന്യത്തിന്റെ വലയത്തിലാണ്.
ചോദ്യം: ഏതൊക്കെ ക്യാപുകളിലാണ് മിന്നലാക്രമണം ഉണ്ടായത്?
ഉത്തരം: ലീപ, ഭീംബേറിലെ അസ്മാനി…. ഇതൊക്കെ സൈന്യത്തിന്റെ പോസ്റ്റുകളാണ്
ചോദ്യം: അപ്പോള്‍ സൈന്യത്തിന്റെ പോസ്റ്റില്‍ 12 പേരെ കൊന്നു
ഉത്തരം: അതെ സര്‍, മൊത്തം 12.
ചോദ്യം: ഇവരെയൊക്കെ എവിടെ കുഴിച്ചുമൂടി?
ഉത്തരം: സര്‍, അവരവരുടെ ഗ്രാമങ്ങളില്‍. എത്ര ശവപ്പെട്ടികളുണ്ടെന്ന് ഞങ്ങള്‍ തിട്ടപ്പെടുത്തുകയാണ്.
ചോദ്യം: അപ്പോള്‍ 12 ശവപ്പെട്ടികളുണ്ട്?
ഉത്തരം: അതെ സര്‍, വിവിധ സ്ഥലങ്ങളില്‍ നിന്നായി അത്രയും ഉണ്ടായിരുന്നു. കുറച്ച്‌ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി, കുറച്ച്‌ മറ്റൊരു സ്ഥലത്തേക്ക്.
ചോദ്യം: മരിച്ചവരുടെ വിവരങ്ങള്‍ പറയാമോ?
ഉത്തരം: (ക്ലര്‍ക്കിനോട് പഞ്ചാബി ഭാഷയില്‍ എന്തോ നിര്‍ദേശം നല്‍കുന്നു) സര്‍ ലിസ്റ്റ് ഇപ്പോള്‍ വരും.
ചോദ്യം: ശരി ഗുലാം.. എല്ലാവരുടെയും പേര് ലിസ്റ്റിലുണ്ടോ?
ഉത്തരം: ഇല്ല സര്‍, എല്ലാവരുടെയും പേരുകള്‍ ഇല്ല, ചിലരുടേത് മാത്രം
ചോദ്യം: ഇതെല്ലാം 29-ാം തീയതിയുടേതല്ലേ?
ഉത്തരം: അതെ സര്‍, 29 മുതലുള്ളതാണ്.. മിന്നലാക്രമണം നടന്നതായി അവര്‍ (ഇന്ത്യ) പറയുന്നതു മുതലുള്ളത്.
ചോദ്യം: ഫയലിലെ വിവരങ്ങള്‍ വായിക്കാമോ?
ഉത്തരം: സര്‍, അവന്‍ (ക്ലര്‍ക്ക്) മുഴുവന്‍ ഫയലും കൊണ്ടുവരുന്നുണ്ട്. 29 ലെ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ട്.
ചോദ്യം: ഫയല്‍ കിട്ടിയോ?
ഉത്തരം: അതെ സര്‍
ചോദ്യം: ശരി, എങ്കില്‍ പറയൂ
ഉത്തരം: (കൊല്ലപ്പെട്ട അ‍ഞ്ചു പാക്കിസ്ഥാന്‍ സൈനികരുടെയും പരുക്കേറ്റ അഞ്ചുപേരുടെയും വിവരങ്ങള്‍ നല്‍കി. ഇവരുടെയെല്ലാം പേര്, റാങ്ക്, സ്ഥലം തുടങ്ങിയവയെല്ലാം ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ചാനലിന്റെ നയം അനുസരിച്ച്‌ ഇവ പുറത്തു വിടാന്‍ കഴിയില്ലെന്ന് മാധ്യമം വ്യക്തമാക്കുന്നു. മിന്നലാക്രമണത്തില്‍ ലീപ പോസ്റ്റിനു സമീപത്തെ ഒരു പള്ളിക്കും കേടുപാടുകള്‍ പറ്റിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നു ചാനല്‍ വെളിപ്പെടുത്തുന്നു)
ചോദ്യം: ആ ദിവസം എത്രനേരം മിന്നലാക്രമണം നീണ്ടുനിന്നു?
ഉത്തരം: സര്‍, രാത്രിയായിരുന്നു ആക്രമണം. 3-4 മണിക്കൂറുകള്‍ നീണ്ടുനിന്നു. പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയ്ക്കായിരുന്നു ആക്രമണം.
ചോദ്യം: അവര്‍ (ഇന്ത്യന്‍ കമാന്‍ഡോകള്‍) എത്ര പേരുണ്ടായിരുന്നു?
ഉത്തരം: അതേപ്പറ്റി കൃത്യമായ വിവരമില്ല സര്‍
ചോദ്യം: അപ്പോള്‍ അവര്‍ നമ്മുടെ ഒരു പോസ്റ്റാണ് ആക്രമിച്ചതല്ലേ?
ഉത്തരം: സര്‍, വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു ആക്രമണം. അവരെ പ്രതിരോധിക്കാനും ശ്രമമുണ്ടായി സര്‍
ചോദ്യം: അപ്പോള്‍ എന്തു വിവരമാണ് നമ്മുടെ പക്കലുള്ളത്? എത്ര പേരാണ് (ഇന്ത്യന്‍ സൈന്യം) എത്തിയത്?
ഉത്തരം: സര്‍, ആക്രമണം നടന്ന സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ല. മാത്രമല്ല അതേപ്പറ്റി അവിടെനിന്നും ഒരു വിവരവും പുറത്തുവരുന്നില്ല. പ്രാദേശിക ഭരണകൂടം പോലും ഒന്നും പറയുന്നില്ല.
ചോദ്യം: പക്ഷേ നിങ്ങളുടെ കണക്കനുസരിച്ച്‌ അഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടല്ലോ? നിങ്ങള്‍ പറഞ്ഞത് 12 പേര്‍ കൊല്ലപ്പെട്ടുെവന്നാണല്ലോ?
ഉത്തരം: സര്‍, വിവിധ സ്ഥലങ്ങളിലായിട്ടാണ് ഇത്രയുംപേര്‍ മരിച്ചത്.. അല്ലാതെ ഒരു പോസ്റ്റില്‍ മാത്രമല്ല.
ചോദ്യം: ലോക്കല്‍ ഇന്റലിജന്‍സ് എന്താണ് പറയുന്നത്?
ഉത്തരം: സര്‍, മൃതദേഹങ്ങളെല്ലാം അംബുലന്‍സില്‍ കൊണ്ടുപോയെന്നാണ് അവര്‍ പറയുന്നത്. അവരുടെ വീടുകളിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആണ് കൊണ്ടുപോയത്.
ചോദ്യം: ഗ്രാമവാസികള്‍ ആരെങ്കിലും മരിച്ചോ? ജിഹാദികളാരെങ്കിലും?
ഉത്തരം: സര്‍, ഗ്രാമവാസികള്‍ ആരും മരിച്ചിട്ടില്ല. എന്നാല്‍ ജിഹാദികള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്.
ചോദ്യം: എത്ര ജിഹാദികള്‍ കൊല്ലപ്പെട്ടു കാണും?
ഉത്തരം: ഇതിനെക്കുറിച്ചുള്ള വിവരം ഒരിടത്തുനിന്നും കിട്ടിയിട്ടില്ല സര്‍.
ചോദ്യം: ജിഹാദികളെക്കുറിച്ചുള്ള വിവരം സൈന്യം രഹസ്യമാക്കി വച്ചിരിക്കുകയാണോ?
ഉത്തരം: സര്‍, ചിലപ്പോള്‍ അങ്ങനെ സംഭവിച്ചേക്കാം.
ചോദ്യം: ജിഹാദികളെക്കുറിച്ചുള്ള വിവരം പുറത്തുവിടാത്തത് സൈന്യമെന്നാണോ നിങ്ങള്‍ കരുതുന്നത്?
ഉത്തരം: അതെ സര്‍, അവര്‍ അങ്ങനെ ചെയ്യാറുണ്ട്. അത് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ആക്രമണം നടന്ന സ്ഥലം സൈന്യത്തിന്റെ വലയത്തിലാക്കിയിരിക്കുന്നത്.
ചോദ്യം: എത്ര ജിഹാദികള്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിങ്ങള്‍ കരുതുന്നത്?
ഉത്തരം: അതു പറയാന്‍ ബുദ്ധിമുട്ടാണ് സര്‍.
ചോദ്യം: എങ്കിലും ഒരു ഊഹമനുസരിച്ച്‌..
ഉത്തരം: സര്‍, ക്രോസിങ്ങിന്റെ (നിയന്ത്രണരേഖയില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന സ്ഥലങ്ങളാണ് ക്രോസിങ്ങുകള്‍) കണക്കനുസരിച്ച്‌ വിവിധ ഇടങ്ങളിലായി അഞ്ചോ ആറോ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും.
ചോദ്യം: ഓരോ ക്യാംപിലും അഞ്ചോ ആറോ പേര്‍ എന്നാണോ?
ഉത്തരം: അതെ സര്‍, ക്രോസിങ്ങിലുണ്ടായിരുന്നവരുടെ എണ്ണം അനുസരിച്ചായിരിക്കും. ചിലപ്പോള്‍ നാലോ മൂന്നോ രണ്ടോ വീതമായിരിക്കും.
ചോദ്യം: അപ്പോള്‍ അവര്‍ (ഇന്ത്യന്‍ സൈന്യം) നാലോ അഞ്ചോ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെങ്കില്‍ 20 പേരോളം കൊല്ലപ്പെട്ടു കാണില്ലേ?
ഉത്തരം: സര്‍, അതു പറയാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതൊക്കെ അവരുടെ ലോഞ്ചിങ് പാഡുകളല്ലേ?
ചോദ്യം: ആരുടെ ലോഞ്ചിങ് പാഡാണ്?
ഉത്തരം: അവരുടെ.. ലഷ്കറീസിന്റെ (ലഷ്കറെ തയിബ ഭീകരര്‍)
ചോദ്യം: അപ്പോള്‍ ലഷ്കറീസിനെ നിങ്ങള്‍ ഒപ്പം നിര്‍ത്തുന്നുണ്ടോ?
ഉത്തരം: ഇല്ല സര്‍, അതൊക്കെ പാക്ക് സൈന്യമാണ് ചെയ്യുന്നത്.
ചോദ്യം: ആരാണ് അവരെ കൊണ്ടുവരുന്നത്?
ഉത്തരം: സൈന്യമാണ് സര്‍, അതൊക്കെ അവരുടെ കയ്യിലാണ്
ചോദ്യം: അപ്പോള്‍ ശരി.. നിങ്ങള്‍ സ്വയം പരിചയപ്പെടുത്താമോ?
ഉത്തരം: സര്‍, ഞാന്‍ സ്പെഷല്‍ ബ്രാഞ്ച്
ചോദ്യം: നിങ്ങളുടെ മുഴുവന്‍ പേര്?
ഉത്തരം: ഗുലാം അക്ബര്‍
ചോദ്യം: നിങ്ങളുടെ പദവി?
ഉത്തരം: എസ്പി, സ്പെഷല്‍ ബ്രാഞ്ച്