അമിറ്റിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ അന്വേഷിക്കണം: സുപ്രീംകോടതി

183

ന്യൂഡല്‍ഹി• ഡല്‍ഹിയിലെ സ്വകാര്യ സര്‍വകലാശാലയായ അമിറ്റിയിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്നാം വര്‍ഷ പരീക്ഷയെഴുതാന്‍ സര്‍വകലാശാല അധികൃതര്‍ അനുവദിക്കാത്തതില്‍ വിഷമമുണ്ടെന്ന് വിദ്യാര്‍ഥിയായ സുഷാന്ത് റോഹില്ല ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന് സുഹൃത്തയച്ച കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഉത്തരവ്.അമിറ്റി ലോ സ്കൂളിലെ വിദ്യാര്‍ഥിയായ സുഷാന്ത് കഴിഞ്ഞമാസമാണ് ആത്മഹത്യ ചെയ്തത്. ആവശ്യമായ ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷയെഴുതിക്കില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞെന്നും താന്‍ പരാജിതനാണെന്നും ആത്മഹത്യാക്കുറിപ്പില്‍ സുഷാന്ത് എഴുതിയിട്ടുണ്ട്.
അതേസമയം, അധ്യാപകര്‍ പീഡിപ്പിച്ചെന്നു സുഷാന്തിന്റെ സഹപാഠികള്‍ ആരോപിച്ചു. അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തായ രാഘവ് ശര്‍മയാണ് കത്തെഴുതിയത്.അതേസമയം, സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഹാജര്‍ സംബന്ധമായ കാര്യങ്ങളില്‍ ശരിയായ നയങ്ങളാണ് അധ്യാപകര്‍ പിന്തുടര്‍ന്നതെന്നാണു കണ്ടെത്തല്‍. ആവശ്യമായ ഹാജരില്ലെന്ന് സുഷാന്തിനെയും മാതാപിതാക്കളെയും ഇമെയില്‍ വഴി അറിയിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഫാലി നരിമാനെ ചുമതലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ഔദ്യോഗികമായി അറിയിക്കാന്‍ കോടതി സര്‍വകലാശാലയോട് ഉത്തരവിട്ടു.