കേന്ദ്രബജറ്റ് നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

204

ന്യൂ‍ഡല്‍ഹി• കേന്ദ്രബജറ്റ് നീട്ടണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചാല്‍ അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ബജറ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ സമയത്ത് ബജറ്റ് അവതരിപ്പിക്കുന്നത് ചട്ടലംഘമാകുമെന്നുമുള്ള ഹര്‍ജിയിലെ വാദങ്ങള്‍ കോടതി തള്ളി. അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ധനസഹായങ്ങള്‍, പ്രത്യേക പദ്ധതികള്‍ തുടങ്ങിയവ പ്രഖ്യാപിക്കുന്നതില്‍നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 31നാണ് ഇത്തവണ പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

NO COMMENTS

LEAVE A REPLY