കേസുകളില്‍ വിചാരണ നേരിടുന്നതില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെ എത്തിക്കണം : സുപ്രീംകോടതി

181

ന്യൂഡല്‍ഹി• രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെയെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. പ്രതികളായവരെ നിയമത്തിനു മുന്നില്‍ തിരികെ എത്തിക്കണം. കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരത്തില്‍ രാജ്യം വിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കാന്‍ ഇവരെ ഇന്ത്യയിലെത്തിക്കേണ്ടത് ആവശ്യമാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായ ലണ്ടനിലേക്ക് കടന്ന വനിത വ്യവസായി റിതിക അവാസ്റ്റിയെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണം. രോഗിയായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെന്നു പറഞ്ഞ് സുപ്രീംകോടതിയുടെ അനുവാദത്തോടെയാണ് റിതക ലണ്ടനിലേക്കു പോയത്. അവര്‍ പിന്നീട് തിരികെയെത്തിയില്ല. ഇവരുടെ പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നും അതിനാല്‍ അതു റദ്ദാക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നും സോളിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, രാജ്യംവിട്ട റിതികയെ തിരികെയെത്തിച്ച്‌ നിയമത്തിനു മുന്നില്‍ ഹാജരാക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് കോടതി തിരിച്ചടിച്ചു.