ദില്ലിയില്‍ പടക്കം പൊട്ടിക്കുന്നതും പടക്ക വില്‍പ്പനയും സുപ്രീംകോടതി നിരോധിച്ചു

220

ദില്ലി: അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ദില്ലിയിലും സമീപ പ്രദേശങ്ങളിലും പടക്കം പൊട്ടിക്കുന്നതും പടക്ക വില്‍പ്പനയും നിരോധിച്ച്‌ സുപ്രീംകോടതി ഉത്തരവിറക്കി. മൂന്നു കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചെറിയ കുട്ടികളായ തങ്ങള്‍ക്ക് പടക്കങ്ങള്‍ കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാവുന്നെന്ന് കാണിച്ചാണ് കുട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മൂന്നു വ്യത്യസ്ത ഹര്‍ജികളും ഒരൊറ്റ ഹര്‍ജിയായാണ് സുപ്രീംകോടതി സ്വീകരിച്ചത്. നവംബര്‍ 25 വെള്ളിയാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.
കേന്ദ്രസര്‍ക്കാരിനോടാണ് പടക്കവില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. നിലവിലുള്ള പടക്ക വില്‍പ്പന ലൈസന്‍സുകള്‍ പൂര്‍ണ്ണമായും റദ്ദാക്കാനും പുതിയ ലൈസന്‍സുകള്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കാരണം കുട്ടികളടക്കമുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പടക്കം പൊട്ടിക്കുന്നത് ഇത് വര്‍ധിക്കാനിടയാക്കുമെന്നും സുപ്രീംകോടതി കണ്ടെത്തി. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലും പരിസരത്തും ഇനി പടക്കം പൊട്ടിക്കലും വില്‍പ്പനയും നടക്കില്ല.