അയല്‍ സംസ്ഥാനങ്ങളുമായുള്ള ജലം പങ്കുവയ്ക്കല്‍ കരാര്‍ റദ്ദാക്കിയ പഞ്ചാബ് സര്‍ക്കാര്‍ നടപടി സുപ്രീം കോടതി അസാധുവാക്കി

180

ഛണ്ഡീഗഡ്: അയല്‍ സംസ്ഥാനങ്ങളുമായുള്ള ജലം പങ്കുവയ്ക്കല്‍ കരാര്‍ റദ്ദാക്കിയ പഞ്ചാബ് സര്‍ക്കാര്‍ നടപടി സുപ്രീം കോടതി അസാധുവാക്കി. ഹരിയാനയുമായും മറ്റ് അയല്‍ സംസ്ഥാനങ്ങളുമായും ജലം പങ്കുവയ്ക്കുന്നതിനുള്ള കരാറാണ് ഹരിയാന സര്‍ക്കാര്‍ റദ്ദാക്കിയത്. 2004ലെ പഞ്ചാബ് ആക്റ്റിലൂടെയായിരുന്നു പഞ്ചാബ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെട്ട ജലം പങ്കുവയ്ക്കല്‍ കരാര്‍ റദ്ദാക്കാന്‍ പഞ്ചാബിന് അധികാരമില്ല. പഞ്ചാബ് സര്‍ക്കാര്‍ നടപടി 2003ലെ സുപ്രീം കോടതി വിധിയ്ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.
2003ലെ വിധി പ്രകാരം ഹരിയാനയ്ക്ക് കൂടി വെള്ളം ലഭ്യമാക്കുന്നതിന് സത്ലജ്-യമുന കനാലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രവി, ബിയാസ് നദികളിലെ വെള്ളം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പങ്കുവയ്ക്കുന്നതിനുള്ള കരാറുകളും സുപ്രീം കോടതി പരിഗണിച്ച കേസില്‍ ഉള്‍പ്പെടുന്നു. അതേസമയം സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ പഞ്ചാബിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും രാജിവച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിക്കത്ത് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് കൈമാറി. രാജിക്കത്ത് നാളെ സ്പീക്കര്‍ക്ക് കൈമാറുമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് ഭരത് ഭൂഷന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY