ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ നടപടി : വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രിയുടെ ഓഫീസ്

153

തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ സപ്ലൈകോ നടപടിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സപ്ലൈകോ ജീവനക്കാരനായിരുന്ന സതീഷ് ചന്ദ്രന്‍ ഭക്ഷ്യമന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ ചുമതല വഹിച്ചിരുന്നു. 58 വയസ് തികഞ്ഞതിനാല്‍ സപ്ലൈകോയില്‍നിന്ന് കഴിഞ്ഞ ഓഗസ്റ്റ് 31 ന് വിരമിച്ചു. ഇദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴന്പുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍ ഓഗസ്റ്റ് 31 ന് മന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടേഷന്‍ സേവനം അവസാനിപ്പിച്ചിരുന്നു. അതിനുശേഷമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് മാതൃസ്ഥാപനമായ സപ്ലൈകോയില്‍ സെപ്റ്റംബറില്‍ ഇദ്ദേഹത്തിനെതിരേ നടപടിയെടുത്തതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.