എന്‍.എസ്.എസ് ബജറ്റ് അവതരിപ്പിച്ചു

237

ചങ്ങനാശേരി:വിദ്യാഭ്യാസ-കാര്‍ഷിക മേഖലയ്ക്കു മുന്‍തൂക്കം നല്‍കി 98.15 കോടി രൂപയുടെ വരവും അത്ര തന്നെ ചിലവുമുള്ള 2016-17 സാന്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. കഴിഞ്ഞ സാന്പത്തികവര്‍ഷം 101 കോടി രൂപയുടെ ബജറ്റായിരുന്നു അവതരിപ്പിച്ചത്.പെരുന്നയില്‍ ചേര്‍ന്ന 102-ാമത് നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചത്. എന്‍.എസ്.എസ്. പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം മുതല്‍ എല്ലാ എന്‍.എസ്.എസ്. കരയോഗങ്ങളോടും ചേര്‍ന്ന് ആധ്യാത്മിക പഠന കേന്ദ്രം ആരംഭിക്കും. മൂലധന ഇനങ്ങളില്‍ 9,48,45000, റവന്യൂ ഇനങ്ങളില്‍ 88,66,55000 രൂപ വരവും മൂലധന ഇനങ്ങളില്‍ 28,71,000,00, റവന്യൂ ഇനങ്ങളില്‍ 69,44,000,00 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചത്. സര്‍ക്കാരിന്‍റെ നല്ല കാര്യങ്ങളെ അനുകൂലിക്കുകയും തെറ്റായ നയങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന സമീപനം തുടര്‍ന്നും ഉണ്ടാകുമെന്ന് ജി. സുകുമാരന്‍ നായര്‍ ചര്‍ച്ചകള്‍ക്ക് മറുപടിയായി പറഞ്ഞു. എന്‍.എസ്.എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഇല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും കൃത്യമായ സമദൂര നിലപാട് ഇനിയും തുടരും. ദേവസ്വം ബോര്‍ഡിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തിനായി ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വേണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്. അതിന്‍റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചു. നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷയും സ്വീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് നിയമനം പി.എസ്.സിക്ക് വിടുമെന്ന നിലയിലുള്ള അഭിപ്രായം ഉയര്‍ന്നുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ഇക്കാര്യം നേരിട്ട് സംസാരിക്കുകയും എന്‍.എസ്.എസ് നിലപാട് അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടി.കെ വിനോദ്, മോഹന്‍ മാസ്റ്റര്‍, ഡോ. എസ്. അനില്‍കുമാര്‍, എന്‍. രാജശേഖരന്‍ നായര്‍, കേശവന്‍ തന്പി എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY