വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

214

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധനയ്ക്കിടെ പ്രണയ ലേഖനം പിടിച്ചെടുത്ത് ആധ്യാപികയും സ്കൂള്‍ അധികൃതരും കളിയാക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂളിലെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ നടത്തിയ പരിശോധനയിലാണ് പ്രണയലേഖനം അധ്യാപിക കണ്ടെടുത്തത്.പ്രണയലേഖനം കണ്ടെത്തിയ വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അധ്യാപകര്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെയെന്ന് അധ്യാപിക ശകാരിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടി ആര്‍ക്കോ പ്രണയലേഖനമെഴുതി എന്ന് പറഞ്ഞാണ് അധ്യാപകര്‍ ശകാരിച്ചത്. എന്നാല്‍ ബാഗില്‍നിന്നു കണ്ടെത്തിയത് പ്രണയകവിതയാണെന്ന് മാതാപിതാക്കള്‍ പറയുന്നു.
പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നെന്നും ഇയാള്‍ക്കെഴുതിയ പ്രണയ ലേഖനമാണ് ബാഗിലുണ്ടായിരുന്നതെന്നും അധ്യാപകര്‍ പറഞ്ഞു. പ്രണയലേഖനം താന്‍ തന്നെ എഴുതിയതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചതായും അധ്യാപകര്‍ പറയുന്നു. എന്നാല്‍ പ്രണയലേഖനമല്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും അധ്യാപകര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ചെറിയൊരു ശാസനപോലും വേണ്ടാതിരുന്ന പ്രശ്നം അധ്യാപകര്‍ വഷളാക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി പ്രണയലേഖനമെഴുതിയത് കണ്ടപ്പോഴുണ്ടായ ദേഷ്യത്തില്‍ നന്നാവാന്‍ വേണ്ടിയാണ് താന്‍ ശകാരിച്ചതെന്നാണ് അധ്യാപികയുടെ വാദം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് എഴുപത് ശതമാനത്തോളം പൊള്ളലേറ്റു. സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ രാഷ്ട്രീയ സാമുഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY