നിര്‍ഭയ കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

216

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ മൂന്നാം പ്രതി വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ തന്നെ
ഡല്‍ഹിയിലെ ദീന്‍ ധയാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അമിതമായി മരുന്നു കഴിച്ച ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് സൂചന. നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതി റാം സിങ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
ആത്മഹത്യാ ശ്രമം നടന്ന സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.
എന്നാല്‍ സഹതടവുകാര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം വിനയ് ആവശ്യപ്പെട്ടിരുന്നു.
2012 ഡിസംബറിലാണ് കൂട്ടുകാരനോടൊപ്പം സിനിമ കണ്ടു മടങ്ങുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍തിനിയെ ഓടുന്ന ബസില്‍ വച്ച്‌ ആറംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. മാനഭംഗത്തിനു ശേഷം പെണ്‍കുട്ടിയെ മാരകമായി മുറിവേല്‍പ്പിച്ച്‌ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. പരിക്കേറ്റ യുവതി പിന്നീട് സിംഗപൂരിലെ ആസ്പത്രിയില്‍ വച്ച്‌ മരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY