കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു

170

പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് അട്ടപ്പാടി സ്വദേശി പള്ളത്ത് ഹൗസില്‍ അനീഷിനെയാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഴീക്കല്‍ ബീച്ചിലെ സദാചാര ആക്രമണത്തില്‍ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഫെബ്രുവരി 14 പ്രണയ ദിനത്തിലാണ് അനീഷിനെയും സുഹൃത്തുക്കളെയും കൊല്ലം അഴീക്കല്‍ ബീച്ചില്‍ വെച്ച്‌ സദാചാര ഗുണ്ടകള്‍ ആക്രമിച്ചത്. അനീഷിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രാഥമിക കൃത്യത്തിന് പോയ സമയത്താണ് സദാചാര ഗുണ്ടകള്‍ ആക്രമിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
ഈ സംഭവത്തിന് ശേഷം അനീഷ് ആരോടും സംസാരിക്കാറില്ലായിരുന്നെന്നും, മനോവിഷമത്തിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാക്കളെയും യുവതിയെയും ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓച്ചിറ സ്വദേശികളായ മൂന്ന് പേരെയാണ് യുവാക്കളെ ആക്രമിച്ചതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പോലീസ് പിടികൂടിയത്.

NO COMMENTS

LEAVE A REPLY