വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവാതെ നവവധുവായ ബി.ടെക്കുകാരി ജീവനൊടുക്കി

214

കൊല്ലം: വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദം താങ്ങാനാവാതെ നവവധുവായ ബി.ടെക്കുകാരി ജീവനൊടുക്കി. പട്ടത്താനം വികാസ് നഗര്‍-16എ അനീഷ് ഭവനില്‍ അനീഷിന്‍റെ ഭാര്യ അനില(25)യാണ് കഴിഞ്ഞദിവസം രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയത്. മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച്‌ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറ് മാസം മുന്പായിരുന്നു ഇവരുടെ വിവാഹം. ബി.ടെക് പഠനത്തിനായെടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് അനിലയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും വിളിയെത്തിയിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവിന് വിവാഹശേഷം വിദേശത്തും നാട്ടിലും ജോലി ശരിയാകാതിരുന്നതും അനിലയെ വിഷമിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഭര്‍ത്താവിനെഴുതിവച്ച ആത്മഹത്യാകുറിപ്പില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്‍റെ വിഷമം പരാമര്‍ശിക്കുന്നുണ്ട്. തഹസില്‍ദാര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കയച്ചു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയാണ് അനില.