തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സുധീരന്‍: എംഎം ഹസന്‍

242

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പേരില്‍ തുടരുന്ന വിവാദ പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസില്‍ അറ്റമില്ല. തോല്‍വിയെ കുറിച്ച്‌ വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് ക്യാംപ് യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സുധീരന് തന്നെ ആണെന്ന് ഹസന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നേതൃമാറ്റം അനിവാര്യമാണെന്നും ഹസന്‍ സൂചിപ്പിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ഏറ്റവും മോശം നിലപാടെടുത്തത് സുധീരനാണ്. ബെന്നി ബഹന്നാനെ മത്സരിപ്പിക്കേണ്ടെന്ന സുധീരന്റെ നിലപാട് ക്രൂരമായിരുന്നു.
ബെന്നിക്ക് ഒരു കുടുംബം ഉണ്ടെന്ന് സുധീരന്‍ മറന്നു പോയെന്നും ഹസന്‍ കുറ്റപ്പെടുത്തി. സഹപ്രവര്‍ത്തകരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് സുധീരനെന്നും ഹസന്‍ വിമര്‍ശിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസന്റെ വിമര്‍ശനം.
രണ്ട് നേതാക്കളുടെ ഈഗോ ക്ലാഷാണ് മദ്യനയം രൂപീകരിക്കാന്‍ കാരണം എന്നും ഹസന്‍ പറഞ്ഞു. ആത്മാര്‍ത്ഥത തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു. കേരളത്തില്‍ പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം വരുത്തണമെന്നും ഹസന്‍ പറഞ്ഞു. മാറ്റം വന്നില്ലെങ്കില്‍ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥ വരുമെന്നും ഹസന്‍ പറഞ്ഞു. നേരത്തേയും കെ ബാബുവും വിഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍ സുധീരന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
daily hunt

NO COMMENTS

LEAVE A REPLY