നോട്ട് പിന്‍വലിക്കല്‍ വേണ്ടത്ര തയാറെടുപ്പില്ലാതെ : സുബ്രഹ്മണ്യന്‍ സ്വാമി

185

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് മതിയായ തയാറെടുപ്പില്ലാതെയെന്ന വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഉയര്‍ന്ന മൂല്യമുള്ള രണ്ട് നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിക്കുമ്ബോള്‍ അതിന് പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. രണ്ടരവര്‍ഷമായി നമ്മള്‍ അധികാരത്തിലുണ്ടായിരുന്നു. ആദ്യ ദിവസം മുതല്‍ ഈ തീരുമാനത്തിനായി ധനകാര്യമന്ത്രാലയം തയാറെടുക്കണമായിരുന്നു. പഴുതില്ലാതെ നടപ്പിലാക്കാനാണ് പെട്ടെന്ന് പ്രഖ്യാപിച്ചതെന്ന് വാദിക്കാം. പക്ഷേ അത് സൃഷ് ടിക്കാവുന്ന പ്രത്യാഘാതം നേരിടുന്നതിന് അതൊരു ന്യായീകരണമാകുന്നില്ല.
മുതിര്‍ന്ന പൗരന്മാര്‍ക്കായി വഴിമധ്യേ പ്രത്യേക കിയോസ്കുകള്‍ തുറക്കേണ്ടതായിരുന്നു. ഹോങ്കോങ്ങില്‍ വച്ച്‌ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിദേശത്ത് അക്കൗണ്ടുള്ള ആരെയും ഇതുവരെ പിടികൂടാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അത് തന്നോടല്ല ധനകാര്യമന്ത്രാലയത്തോടാണ് ചോദിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹോങ്കോങ്ങില്‍ ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബില്‍ ഇന്ത്യയുടെ അഴിമതി വിരുദ്ധ നടപടികളെക്കുറിച്ച്‌ സുബ്രഹ്മണ്യന്‍ സ്വാമി ഇന്ന് പ്രഭാഷണം നടത്തും