കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയോടനുബന്ധമായി നടത്തിയ ടാറ്റാ ട്രസ്റ്റ് സ്റ്റുഡന്റ്‌സ് ബിനാലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്യൂറേറ്റര്‍ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം സി പി കൃഷ്ണപ്രിയ കരസ്ഥമാക്കി. ലോകപ്രശസ്തമായ ഏതെങ്കിലും അന്താരാഷ്ട്ര കലാപ്രദര്‍ശനത്തില്‍ രണ്ടാഴ്ച പങ്കെടുക്കാനുള്ള അവസരമാണ് കൃഷ്ണപ്രിയയ്ക്ക് ലഭിക്കുന്നത്. കൊച്ചി-ബിനാലെ സമാപന വേദിയിലാണ് സ്റ്റുഡന്റ്‌സ് ബിനാലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച കലാസൃഷ്ടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ ശരത് ശശി, എം എസ് യു ബറോഡയിലെ ശ്രേയ ശുക്ല എന്നിവര്‍ സ്വന്തമാക്കി.
ഹൈദരാബാദ് സര്‍വകലാശാലയിലെ എസ് എന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അഞ്ജു ആചാര്യ, എംഎസ് യു ബറോഡയിലെ സാഹില്‍ നായിക് എന്നിവര്‍ ടാറ്റാട്രസ്റ്റ് ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ഇവര്‍ക്ക് രാജ്യത്തിനകത്ത് രണ്ടാഴ്ച റസിഡന്‍സി അവസരമാണ് ലഭിക്കുന്നത്. ജെ ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് മൂംബൈ, ഗവണ്‍മന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കുംഭകോണം, ഗവണ്‍മന്റ് കോളേജ് ഓഫ് ആര്‍ട്‌സ് ചെന്നൈ എന്നിവര്‍ക്കാണ് മികച്ച കലാസംഘത്തിനുള്ള പുരസ്‌കാരം.
യുവാക്കളായയ കലാകാരന്മാരുടെ വീക്ഷണം വിഗഹമാക്കുന്നതിന് സ്റ്റുഡന്റ്‌സ് ബിനാലെ സഹായിക്കുമെന്ന് ടാറ്റ ട്രസ്റ്റ് സാംസ്‌കാരിക വിഭാഗം മേധാവി ദീപിക സൊറാബ്ജി പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സമകാലീന കലാപ്രയോഗങ്ങള്‍ നേരിട്ടു കണ്ടു മനസിലാക്കാനുള്ള അവസരമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുന്നത്. വ്യക്തിപരമായും കൂട്ടായും പ്രയത്‌നിച്ചതിന്റെ ഫലമാണ് പുരസ്‌കാര ജേതാക്കള്‍ക്കുണ്ടായതെന്ന് അവര്‍ ചൂണ്ടികക്കാട്ടി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവര്‍ക്കൊപ്പം പുരസ്‌കാര നിര്‍ണയ സമിതിയില്‍ ദീപികയും അംഗമായിരുന്നു.
ലോകോത്തര അവസരമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് കൊച്ചി ബനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. മികച്ച കലാസൃഷ്ടികള്‍ മാത്രം കാണാനും അനുഭവിക്കാനുമുള്ള അവസരം കുട്ടികള്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ലഭിച്ചു. മികച്ചതു മാത്രം സ്വപ്‌നം കാണാനും ആധുനിക കലാപ്രയോഗങ്ങള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുങ്ങുകയാണ്. പുരസ്‌കാരത്തിന്റെ മുഴുവന്‍ ഗുണവും അനുഭവിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കട്ടെയെന്നും ബോസ് പറഞ്ഞു.
ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എജ്യൂക്കേഷന്‍, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം നടന്നത്. മട്ടാഞ്ചേരിയിലെ ഏഴു വേദികളിലായാണ് 470 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുണ്ടാക്കിയ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. രാജ്യത്തെ കലാധ്യയനത്തില്‍ ഇന്നുണ്ടായിരിക്കുന്ന വിടവ് നികത്തുകയാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ലക്ഷ്യമെന്ന് കൊച്ചി ബനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയും പ്രോഗ്രാംസ് ഡയറക്ടറുമാ റിയാസ് കോമു ചൂണ്ടിക്കാട്ടി. ദേശീയ അന്തര്‍ദേശീയ രംഗങ്ങളില്‍ യുവാക്കളായ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഇതു വഴി അവസരം കൈവന്നിരിക്കുകയാണ്. വളര്‍ന്നുവരുന്ന കലാകാരന്മാരോട് ബിനാലെ ഫൗണ്ടേഷനുള്ള പ്രതിബദ്ധത ഇതിലൂടെ വെളിവാകുന്നുണ്ടെന്നും ജേതാക്കളെ പ്രഖ്യാപിച്ച റിയാസ് പറഞ്ഞു.