ബിനാലെയില്‍ ദൃഢനിശ്ചയത്തിന്‍റെ പ്രകടനവുമായി ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ആര്‍ട്ടിസ്റ്റുകള്‍

205

കൊച്ചി: സ്ത്രീപക്ഷ വീക്ഷണത്തില്‍ കശ്മീരിലെ വര്‍ത്തമാനകാല സാമൂഹ്യസ്ഥിതി കലാപ്രദര്‍ശനത്തിലൂടെ അവതരിപ്പിച്ച് ഡല്‍ഹിയിലെ ജാമിയ മിലിയ, അംബേദ്കര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ നേടി. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തോടനുബന്ധിച്ച് നടക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയിലെ ആര്‍ട്ടിസ്റ്റുകളായ വിദ്യാര്‍ത്ഥികള്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ നടത്തിയ കലാപ്രകടനങ്ങളിലൂടെയാണ് സമൂഹവുമായി സംവദിച്ചത്.

ഡല്‍ഹിയിലെ ജാമിയ മിലിയ, അംബേദ്കര്‍ സര്‍വകലാശാലകളില്‍ നിന്നായി ആറു വിദ്യാര്‍ത്ഥികളാണ് കൊച്ചിയിലെത്തിയത്.
അംബേദ്കര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി കത്യായനി ഡാഷ് തന്റെ ശബ്ദസൗകുമാര്യത്തിലൂടെ കശ്മീരിന്റെ തീരാദുഖം വിവരിച്ചു. പിന്നീട് ചിനാര്‍ മരത്തിന്റെ ഇലകള്‍ തറയില്‍ തറച്ച് ചുവന്ന നിറം നല്‍കി. പ്രകടനത്തിനവസാനം വേദിയിലുണ്ടായിരുന്ന എല്ലാവരും ഉച്ചത്തില്‍ ചൂളം വിളിച്ചു. സദസ്സിലുണ്ടായിരുന്നവരും അതേറ്റു വിളിച്ചതോടെ പക്ഷികളുടെ ഭയപ്പാടിനെ അനുസ്മരിപ്പിക്കും വിധമായി ആസ്പിന്‍വാള്‍ സമുച്ചയം.

കശ്മീരിന്റെ പ്രശ്‌നത്തെ സ്ത്രീപക്ഷത്തു നിന്നും നോക്കിക്കാണുക എന്നതായിരുന്നു തങ്ങളുടെ ആശയമെന്ന് കത്യായനി പറഞ്ഞു. പാദങ്ങള്‍ പതിയുന്നിടത്ത് വരച്ച അതിര്‍ത്തികള്‍ സ്ത്രീകള്‍ക്ക് രാജ്യത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളെ കാണിക്കുന്നു. ഓരോ ചുവടും വിമര്‍ശനം ഭയന്ന് വേണം വയ്ക്കാനെന്നതും ഇതോര്‍മ്മിപ്പിക്കുന്നുവെന്ന് കത്യായനി പറഞ്ഞു. കശ്മീരില്‍ നടക്കുന്ന രക്തച്ചൊരിച്ചിലിനെ സൂചിപ്പിക്കാനാണ് ചിനാര്‍ ഇലകളില്‍ ചുവന്ന നിറം ചാലിച്ച് ആണിയടിച്ചതെന്ന് അംബേദ്കര്‍ സര്‍വകലാശാലയിലെ കശ്മീരി വിദ്യാര്‍ത്ഥിനിയായ സുബിന ഗുള്‍ വേദനിക്കുന്ന വാക്കുകളിലൂടെ ചൂണ്ടിക്കാട്ടി. അവസാനം നടത്തിയ ചൂളമടി ഒരു പ്രതീകമാണെന്ന് അവര്‍ പറഞ്ഞു. കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് പക്ഷികളുടെ ചൂളമടി മാത്രമേ കേള്‍ക്കൂ എന്നും സുബിന പറഞ്ഞു. സ്റ്റുഡന്റ്‌സ് ബിനാലെയില്‍ വിദ്യാര്‍ത്ഥികള്‍ ചുവര്‍ ചിത്രമാണ് മുഹമ്മദ് അലി വെയര്‍ഹൗസില്‍ വരച്ചിരിക്കുന്നത്. കബ്രാള്‍ യാര്‍ഡില്‍ നടന്ന പരിപാടിയിലും കത്യായനിയുടെ ഏകാംഗ പ്രകടനമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY