കണ്ണൂര്‍ പാലയാട് കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ സമരം

207

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ അവഗണനയ്‌ക്കെതിരെ തലശ്ശേരി പാലയാട് കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ സമരം. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി സര്‍വകലാശാല വഞ്ചിക്കുന്നുവെന്നാരോപിച്ചാണ് നിയമ, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.
പാലയാട് കാമ്പസിലെ നിയമപഠനകേന്ദ്രത്തിലെയും സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെയും വിദ്യാര്‍ത്ഥികളാണ് സമരത്തിലേക്ക് കടന്നത്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ എല്‍എല്‍ബി കോഴ്‌സുളള ഏക കേന്ദ്രം പാലയാട് കാമ്പസിലാണ്. ഇരുനൂറ്റി അന്‍പതിലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. എന്നാലിതിന് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. 2009ന് ശേഷം ഇവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് എന്‍റോള്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല. സ്ഥിരം അധ്യാപകര്‍ ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതാണ് കോഴ്‌സിന് അംഗീകാരം ലഭിക്കാത്തതിന് കാരണം. പതിനൊന്ന് വര്‍ഷം മുമ്പ് തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകാരമില്ല. കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ സര്‍വകലാശാല നടപടിയെടുക്കാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. അതേസമയം കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നു നടപടിക്രമങ്ങളിലെ കാലതാമസമാണ് വിനയാകുന്നത് എന്നും സര്‍വകലാശാല അധികൃതര്‍ വിശദീകരിക്കുന്നു.

NO COMMENTS

LEAVE A REPLY