കേരളത്തില്‍ പൊതുപണിമുടക്ക്പൂര്‍ണം

174

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. ഉദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞതോടെ ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ഐ എസ് ആര്‍ ഒയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. കൊച്ചിയില്‍ യൂബര്‍ ടാക്‌സി സര്‍വ്വീസിനു നേരെയും അക്രമമുണ്ടായി.
ബിഎംഎം ഒഴികെ പത്ത് തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, വ്യവസായ ശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനും പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് ഐഎസ്.ആര്‍.ഒയുടെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ സമരാനുകൂലികള്‍ ഉരോധിച്ചു. ജീവനക്കാരെ കൊണ്ടുപോകേണ്ട മുന്നൂറോളം വാഹനങ്ങള്‍ ഗ്യാരേജില്‍ കുടുങ്ങിയതോടെ ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.ആര്‍.ഒയുടെ വട്ടിയൂര്‍കാവ്, തുമ്പ, വലിയമല എന്നിവിടങ്ങളിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകേണ്ട റോക്കറ്റിന്റെ ഭാഗങ്ങളും പുറത്തിറക്കാനായില്ല.
റെയില്‍വെസ്‌റ്റേഷനിലെത്തിയ യാത്രക്കാര്‍ക്ക് പൊലീസ് വാഹനമേര്‍പ്പെടുത്തി. പണിമുടക്കിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍ കാല്‍നടയായി ഔദ്യോഗിക വസതിയില്‍ നിന്നും എ കെ ജി സെന്ററിലേക്ക് പോയി. റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വീട്ടിലേക്ക് പോയത് കാല്‍നടയായി തന്നെ. എന്നാല്‍ സമരം ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. പൊലീസ് സുരക്ഷയോടെ ജീവനക്കാരെ പ്രത്യേക വാഹനങ്ങളില്‍ ടെക്‌നോപാര്‍ക്കില്‍ എത്തിച്ചു.
മധ്യകേരളത്തിലും പണിമുടക്ക് പൂര്‍ണ്ണമാണ്. എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. യൂബര്‍ ടാക്‌സിക്ക് കല്ലെറിഞ്ഞു. കൊച്ചി ഫാക്ടിലും, പ്രത്യേക സാമ്പതിക മേഖലയിലും തൊഴിലാളികള്‍ ജോലിക്കെത്തിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. തൃശ്ശൂര്‍ അപ്പോളോ ടയേഴ്‌സില്‍ ബി എം എസ് അനുകൂലികളായ ജീവനക്കാര്‍ ജോലിക്കെത്തിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
മലബാറില്‍ സമാധാനപരമായിരുന്നു പണിമുടക്ക്. മാഹിയില്‍ സ്വകാര്യ വാഹനത്തിന് നേരെ കല്ലേറുണ്ടായി. മലപ്പുറത്ത് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. പണിമുടക്കിയ തൊഴിലാളികള്‍ തിരുവനന്തപുരത്തടക്കം വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

NO COMMENTS

LEAVE A REPLY