നവംബര്‍ 25 സഹകരണബാങ്ക് യൂണിയനുകളുടെ പണിമുടക്ക്

216

തിരുവനന്തപുരം: ജില്ലാ സഹകരണബാങ്കുകള്‍ക്കും പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും നോട്ടുമാറ്റത്തിനുള്ള അനുമതി നിഷേധിച്ച റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ സഹകരണബാങ്ക് യൂണിയനുകള്‍ സംയുക്തമായി ഈ മാസം 25ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. രാജ്യത്തെ ഒന്നരലക്ഷത്തിലധികം വരുന്ന സഹകരണസ്ഥാപനങ്ങളിലായി പതിനൊന്ന് ലക്ഷം കോടി രൂപയോളമാണ് സ്തംഭനാവസ്ഥയിലുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. സഹകരണബാങ്കുകളെ ആശ്രയിയ്ക്കുന്നവരില്‍ 57 ശതമാനം ഇടപാടുകാരും ചെറുകിടകര്‍ഷകരോ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരോ ആണെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
സംസ്ഥാനസഹകരണബാങ്കുകള്‍ മുതല്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ വരെ പല തട്ടുകളിലായാണ് രാജ്യത്തെ സഹകരണമേഖലാ സംവിധാനം പ്രവര്‍ത്തിയ്ക്കുന്നത്. രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തി പതിമൂവായിരത്തോളം സഹകരണധനകാര്യസ്ഥാപനങ്ങളാണുള്ളത്. അവയില്‍ 6200 എണ്ണം മാത്രമാണ് സംസ്ഥാനസഹകരണ ബാങ്കിന്റെയും അര്‍ബന്‍ ബാങ്കിന്റെയും ശാഖകള്‍. റിസര്‍വ് ബാങ്കിന്റെ ഉത്തരവനുസരിച്ച്‌ സംസ്ഥാനസഹകരണബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴിച്ചുള്ള മറ്റ് സഹകരണധനകാര്യസ്ഥാപനങ്ങള്‍ക്ക് 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈമാറാനോ ഇടപാടുകള്‍ നടത്താനോ അനുമതിയില്ല. അതായത് ഒരു ലക്ഷത്തിലധികം വരുന്ന ഭൂരിഭാഗം ജില്ലാ സഹകരണബാങ്കുകളിലെയും പ്രാഥമിക സഹകരണസ്ഥാപനങ്ങളിലെയും ഏതാണ്ട് 11 ലക്ഷം കോടി രൂപ ദേശീയതലത്തില്‍ സ്തംഭനാവസ്ഥയിലാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിയ്ക്കുന്നു. പ്രാഥമിക സഹകരണസ്ഥാപനങ്ങളുള്‍പ്പടെ താഴേത്തട്ടിലുള്ള സഹകരണധനകാര്യസ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചതോ വായ്പയെടുത്തതോ ആയ ഇടപാടുകാരില്‍ 57 ശതമാനം പേരും ചെറുകിടകര്‍ഷകരോ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരോ ആണെന്നാണ് കണക്കുകള്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങളില്ലാത്ത ഈ വിഭാഗത്തെയാണ് റിസര്‍വ് ബാങ്ക് തീരുമാനം പ്രതിസന്ധിയിലാക്കിയതെന്ന് സഹകരണബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
കഴിഞ്ഞ വര്‍ഷം ജില്ലാ സഹകരണബാങ്കുകളുടെ മാത്രം ലാഭം ഏതാണ്ട് രണ്ടായിരം കോടി രൂപയായിരുന്നു. സാമ്ബത്തികമാന്ദ്യം ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ മൊത്തം പിടിച്ചുകുലുക്കിയപ്പോഴും സഹകരണമേഖല തകരാതെ പിടിച്ചുനിന്നു. രാജ്യത്തെ സഹകരണസ്ഥാപനങ്ങളെ ആശ്രയിയ്ക്കുന്ന 12 കോടിയോളം വരുന്ന ഇടപാടുകാരുടെ താത്പര്യം സംരക്ഷിയ്ക്കണമെന്നും നോട്ടുകൈമാറ്റത്തിനും പണം പിന്‍വലിയ്ക്കുന്നതിനും അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഈ മാസം ഇരുപത്തിയഞ്ചാം തീയതി രാജ്യവ്യാപകമായി പണിമുടക്കാനാണ് സഹകരണബാങ്ക് യൂണിയനുകള്‍ സംയുക്തമായി തീരുമാനിച്ചിരിയ്ക്കുന്നത്.