തെരുവുനായകളെ മരുന്നു കുത്തിവച്ചു കൊല്ലാൻ തീരുമാനം

183

തിരുവനന്തപുരം∙ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ അക്രമകാരികളായ നായകളെ കൊല്ലാൻ തീരുമാനം. സ്വൈര്യ ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന നായകളെ മരുന്നു കുത്തിവച്ചു കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് ഇന്നുതന്നെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകുമെന്നും ജലീൽ പറഞ്ഞു.

തെരുവുനായശല്യം നേരിടാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. ശല്യം രൂക്ഷമായ മേഖലകളിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശവും നൽകി. അക്രമകാരികളായ നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു മാർഗമില്ലെന്നും അതിനു നിയമതടസ്സമില്ലെന്നും മന്ത്രി കെ.ടി.ജലീലും വ്യക്തമാക്കി.

അതേസമയം, ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സർജൻമാർ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു നശിപ്പിക്കാ‍ൻ തിരുവനന്തപുരം കോർപറേഷൻ തീരുമാനിച്ചു.തെരുവുനായ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ സെപ്റ്റംബർ മുതൽ വന്ധ്യംകരണം നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന വകുപ്പുതല യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്തു വയോധികയെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി യോഗം വിളിച്ചത്.

NO COMMENTS

LEAVE A REPLY