കോഴിഫാമില്‍ തെരുവുനായ് ആക്രമണം; 1200 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

170

മാള (തൃശൂര്‍) • കര്‍ഷകന്‍ വായ്പയെടുത്തു തുടങ്ങിയ കോഴിഫാമില്‍ ആക്രമണം നടത്തിയ തെരുവുനായ്ക്കള്‍ 1200 കോഴിക്കുഞ്ഞുങ്ങളെ കൊന്നു. ഇന്നലെ പുലര്‍ച്ചെ തുമ്ബരശേരി പുതുക്കാടന്‍ മുകുന്ദന്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ ഷെഡില്‍ വല തകര്‍ത്തു കയറിയ ആറു തെരുവുനായ്ക്കളാണ് ആക്രമണം നടത്തിയത്.ശബ്ദംകേട്ടെത്തിയ ഉടമയെയും വീട്ടുകാരെയും നായ്ക്കള്‍ ആക്രമിക്കാന്‍ മുതിര്‍ന്നു. രക്ഷപ്പെട്ടു വീടിനകത്തു കയറിയ ഇവര്‍ ഏറെനേരം കഴിഞ്ഞു നായ്ക്കള്‍ പോയതിനുശേഷമാണു പുറത്തിറങ്ങിയത്.മൂവായിരം കോഴിക്കുഞ്ഞുങ്ങളുണ്ടായിരുന്ന ഫാമില്‍ ബാക്കിയുള്ളവയില്‍ പലതും ചിറകൊടിഞ്ഞും മുറിവേറ്റും ഏതുസമയവും ചാകുന്നനിലയിലാണ്. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഫാമിനു രണ്ടു വലകളിട്ട് സംരക്ഷണം നല്‍കിയിരുന്നെങ്കിലും ഇവ കടിച്ചുമുറിച്ചാണു നായ്ക്കള്‍ അകത്തുകയറിയത്. ബാങ്ക് വായ്പയെടുത്തു രണ്ടുവര്‍ഷം മുന്‍പാണു മുകുന്ദന്‍ ഫാം തുടങ്ങിയത്. വായ്പയുടെ പകുതിപോലും അടച്ചുതീര്‍ക്കാന്‍ പെടാപ്പാടു പെടുന്ന ഘട്ടത്തിലാണു തെരുവുനായ്ക്കളുടെ രൂപത്തില്‍ ദുര്‍വിധിയെത്തിയതെന്നു മുകുന്ദന്‍ പറയുന്നു. വിവരം അറിഞ്ഞിട്ടും അധികാരികളാരും തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.തെരുവുനായ്ക്കള്‍ ഇന്നലെ തൃശൂരില്‍ മൂന്ന് ആടുകളെയും ആക്രമിച്ചു കൊന്നു. അന്നമനട ആലത്തൂരില്‍ കിഴക്കേപ്പുറത്തെക്കുടി രഘുറാമിന്റെയും ബ്രഹ്മകുളം പഷ്ണിപ്പുര ആളൂര്‍ വര്‍ക്കിയുടെയും ആടുകളെയാണു നായ്ക്കള്‍ ആക്രമിച്ചു കൊന്നത്. പറമ്ബില്‍ കെട്ടിയിരുന്ന ആടുകളെ പട്ടാപ്പകല്‍ കൂട്ടത്തോടെയെത്തിയ നായ്ക്കള്‍ കടിച്ചുകീറി കൊല്ലുകയായിരുന്നു. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും പതിനഞ്ചോളം നായ്ക്കള്‍ ഓടിപ്പോയി.

NO COMMENTS

LEAVE A REPLY