അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്തി

169

തിരുവനന്തപുരം: അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്തി . നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ അപകടകാരികളായ നായ്ക്കളെ കൊല്ലുമെന്നായിരുന്നു തദ്ദേശവകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
പുല്ലുവിളയില്‍ ശിലുവമ്മയെന്ന വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിന് പിന്നാലെ മുഖ്യമന്ത്രി ഉന്നതയോഗം വിളിച്ചുചേര്‍ത്തിരുന്നു. അപകടകാരികളായ നായ്ക്കളെ കൊല്ലുമെന്നായിരുന്നു തദ്ദേശവകുപ്പ് മന്ത്രി കെ ടി ജലീല്‍ യോഗ തീരുമാനമായി വിശദീകരിച്ചത്
നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സ!ര്‍ക്കാരിന്റെ തീരുമാനം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി. കേന്ദ്രമന്ത്രി മനേക ഗാന്ധിയടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍, സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചു.
പ്രശാന്ത് ഭൂഷണുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്നും, വന്ധ്യംകരിക്കാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. തെരുവുനായ് ശല്യം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി വിശദമാക്കുന്നു.
മനുഷ്യന്റേയും മൃഗങ്ങളുടേയും ജീവന് വിലകല്‍പ്പിച്ചും, സുപ്രീംകോടതി വിധികള്‍ മാനിച്ചുമുള്ള നിയമത്തിനാണ് ശ്രമമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.