ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ല: സ്റ്റാലിന്‍

277

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ രംഗത്ത്. ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം അതു ജനാധിപത്യത്തിന് എതിരാണെന്നും വ്യക്തമാക്കി. ജയലളിതയ്ക്കു വേണ്ടിയാണ് 2016ല്‍ തമിഴ് ജനത വോട്ടു ചെയ്തത്. അല്ലാതെ ജയയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കാനായിരുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ശശികലയെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്റ്റാലിന്റെ പ്രസ്താവന. ജയലളിതയുടെ മരണത്തിനുശേഷം ജനറല്‍ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതിനു പിന്നാലെ ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. ലോക്സഭ ഡപ്യൂട്ടി സ്പീക്കര്‍ എം. തമ്ബിദുരൈയും ചില സംസ്ഥാന മന്ത്രിമാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വം പഴയതുപോലെ ഒരാള്‍ തന്നെ വഹിക്കുന്നതാണ് ഉചിതമെന്നാണ് നേതാക്കളുടെ വാദം. അതേ സമയം, മുഖ്യമന്ത്രിയെന്ന നിലയില്‍ ശശികലയെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നതിനെക്കുറിച്ച്‌ പാര്‍ട്ടിക്ക് ആശങ്കയുണ്ട്.

NO COMMENTS

LEAVE A REPLY