ഡിഎംകെ നേതാവ് സ്റ്റാലിന്‍ അറസ്റ്റില്‍

190

ചെന്നൈ: ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ അറസ്റ്റില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ മണ്ഡലത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ നിന്നും സേലത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. സ്റ്റാലിനൊപ്പം ഉണ്ടായിരുന്ന നൂറോളം ഡിഎംകെ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലമായ സേലത്തെ കച്ചരായന്‍ തടാകത്തിലെ ചെളി നീക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎംകെ, എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്റ്റാലിന്‍ സേലത്തേയ്ക്ക് പോയത്. സ്റ്റാലിന്റെ സന്ദര്‍ശനം പ്രദേശത്തെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കുമെന്നാണ് പൊലീസിന്റെ നിലപാട്. കോയമ്പത്തൂരില്‍ നിന്നും റോഡ് മാര്‍ഗം പോയ സ്റ്റാലിനെ കണിയൂര്‍ ടോള്‍ പ്ലാസയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. കോയമ്പത്തൂര്‍ എസ് പി പാ മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്റ്റാലിനെയും അനുയായികളെയും തടഞ്ഞത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും, അങ്ങോട്ട് പോകരുതെന്നും പൊലീസ് സ്റ്റാലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നിര്‍ദേശം സ്റ്റാലിന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സ്റ്റാലിനെയും അനുയായികളെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.സ്റ്റാലിനെ അറസ്റ്റ് ചെയ്തതോടെ തടിച്ചുകൂടിയ നൂറുകണക്കിന് ഡിഎംകെ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച വൈകിട്ട് സേലത്ത് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങല പ്രതിഷേധവും പ്രഖ്യാപിച്ചിരുന്നു.

NO COMMENTS