എസ്.ആര്‍.എം യൂണിവേഴ്സിറ്റി ചെയര്‍മാന്‍ അറസ്റ്റില്‍

242

തമിഴ്നാട്ടിലെ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ടി.ആര്‍ പച്ചമുത്തുവിനെ തമിഴ്നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലാണ് അറസ്റ്റ്. മദന്‍ എന്ന മലയാളി സിനിമാ നിര്‍മ്മാതാവ് വഴിയാണ് ഇയാള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ 109 കേസുകളാണ് എസ്ആര്‍എം ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ആര്‍ പച്ചമുത്തുവിനെതിരെ ചെന്നൈ പൊലീസില്‍ നല്‍കിയിട്ടുള്ളത്. ഒരു കാലത്ത് എസ്.ആര്‍.എം ഗ്രൂപ്പിന്റെ അഡ്മിഷന്‍ ഏജന്‍റായിരുന്ന വെണ്ടാര്‍ മദന്‍ എന്ന മലയാളി, എസ്ആര്‍എം സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ടി.ആര്‍ പച്ചമുത്തുവും കൂട്ടുപ്രതിയാണ്. എസ്കേപ്പ് ആര്‍ട്ടിസ്റ്റ്സ് മോഷന്‍ പിക്ചേഴ്‌സ് എന്ന പേരില്‍ സാമ്പത്തികവിജയം നേടിയ ഒട്ടേറെ ചിത്രങ്ങളുടെ നി‍ര്‍മ്മാതാവു കൂടിയാണ് വേധാര്‍ മദന്‍ എന്നറിയപ്പെടുന്ന മദന്‍ എന്ന മലയാളി. പച്ചമുത്തുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാളെ മെയ് 27 ന് കാണാതായിരുന്നു.
എസ്ആര്‍എം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയില്‍ത്തന്നെ പച്ചമുത്തുവുമായി മദനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അതൃപ്തിയുണ്ടെന്നും തനിയ്‌ക്ക് ശത്രുക്കള്‍ പെരുകുകയാണെന്നും മദന്‍ എഴുതിയതെന്ന പേരില്‍ ഒരു കത്ത് പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മദനെ ആരോ തട്ടിക്കൊണ്ടുപോയതായി ഇയാളുടെ അമ്മ പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ വിദ്യാര്‍ഥികളുടെ പണം തട്ടിയ ശേഷം കാണാതായ മദനെ ഉടന്‍ പിടികൂടണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായ സാഹചര്യത്തിലാണ് മദനുമായി അടുത്ത ബന്ധമുള്ള പച്ചമുത്തുവിനെ സിബിസിഐഡി അറസ്റ്റ് ചെയ്യുന്നത്.
എന്നാല്‍ തമിഴ്നാട്ടിലെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയര്‍മാനെ ഒരു മുന്നറിയിപ്പുമില്ലാതെ അറസ്റ്റ് ചെയ്തത് രാഷ്‌ട്രീയവൈരം തീര്‍ക്കലാണെന്നും ഒരു വിഭാഗം വാദിക്കുന്നു. എസ്ആര്‍എം ഗ്രൂപ്പിന് ഓഹരിപങ്കാളിത്തമുള്ള ഒരു സ്വകാര്യവാര്‍ത്താചാനലില്‍ എഐഎഡിഎംകെയ്‌ക്ക് എതിരെ വാര്‍ത്ത വന്നതിന് പകരമായാണ് ഗ്രൂപ്പ് ചെയര്‍മാനെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്.

NO COMMENTS

LEAVE A REPLY