ശ്രീജിത് രവിക്ക് ഉപാധികളോടെ ജാമ്യം

211

പാലക്കാട് ∙ വിദ്യാർഥിനികളെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീജിത് രവിക്കു ജാമ്യം. അഡീഷനൽ ജില്ലാ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, പാസ്പോർട്ട് ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്ചയും ചെന്നു ഒപ്പുവയ്ക്കണം എന്നിവയാണ് ഉപാധികൾ. ഇരുഭാഗത്തെയും വാദം കേട്ട ശേഷം അഡീഷനൽ ജില്ലാ ജഡ്ജി (ഒന്ന്) കെ.പി. ഇന്ദിരയാണ് ജാമ്യം അനുവദിച്ചത്.
പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നയാൾ അശ്ലീല ചുവയോടെ സംസാരിച്ചെന്നും മൊബൈൽഫോണിൽ ചിത്രം പകർത്തിയെന്നുമാണു വിദ്യാർഥികളുടെ പരാതി. നഗ്നത കാണിച്ചതായും വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ 27 ന് രാവിലെ പത്തിരിപ്പാലയ്ക്ക് സമീപമായിരുന്നു സംഭവം. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വിദ്യർഥികൾ കാറിന്റെ നമ്പർ കുറിച്ചെടുത്ത് അധികൃതർക്കു കൈമാറി. കാറിന്റെ ഉടമസ്ഥൻ ശ്രീജിത് രവിയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
കെ‍ാല്ലങ്കേ‍ാട് പല്ലശനയ്ക്കുസമീപത്തുവച്ച് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. പിന്നീട് തിരിച്ചറിയൽ പരേഡും നടത്തി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം (പേ‍ാസ്കേ‍ാ) അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.
അതേസമയം, സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന വാർത്ത വാസ്തവവിരുദ്ധമെന്നായിരുന്നു നടൻ ശ്രീജിത് രവിയുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY