ഗുരുദേവന്റെ ജീവിതത്തില്‍ നിന്ന് മരുന്നുമാമല

834

തന്റെ ഏകാന്തയാത്രകളില്‍ കണ്ടറിഞ്ഞ മനുഷ്യരുടെ നിത്യദുരിതങ്ങള്‍ക്ക് ഒരു പരിഹാരം വേണമായിരുന്നു ശ്രീനാരായണഗുരുവിന്. മദ്യം, മാത്സര്യം, ദാരിദ്ര്യം, രോഗം, ജാതി അയിത്തം, മതപ്പോര് എന്നിങ്ങനെ മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന സംസാരരോഗങ്ങള്‍ക്ക് മരുന്നു തേടിയാണ് ഗുരുദേവന്‍ മരുത്വാമലയില്‍ എത്തിയത്. ഒപ്പം സതീര്‍ത്ഥ്യന്‍ ചട്ടമ്ബിസ്വാമികളും ഉണ്ടായിരുന്നു. മരുത്വാമലയിലെ പിള്ളത്തടം ഗുഹയില്‍ ഗുരു ഏകാന്ത തപസ് തുടങ്ങിയപ്പോള്‍ ചട്ടമ്ബിസ്വാമികള്‍ മടങ്ങിപ്പോന്നു. പിന്നീട് നീണ്ട ആറുവര്‍ഷങ്ങള്‍ ഗുരുവിന്റെ ജീവിതത്തില്‍ ഇതുവരെ ആരും തുറന്നുകാണാത്ത ഏടുകളാണ്. പില്‍ക്കാലത്ത് അവധൂതവൃത്തിയെക്കുറിച്ചും തപസിനെക്കുറിച്ചും ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു എന്നതൊഴിച്ചാല്‍ അധികമൊന്നും ആ കാലത്തെക്കുറിച്ച്‌ ഗുരുദേവന്‍ വെളിപ്പെടുത്തിയിരുന്നില്ല. തപസിന്റെ കാലത്തെക്കുറിച്ച്‌ അറിയാതെ ഗുരുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ണമാകില്ല. ഗുരുവിന്റെ കൃതികളിലൂടെ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അന്വേഷണം ഒരു ദൃശ്യവിസ്മയത്തിന്റെ സൃഷ്ടിയിലേക്ക് നയിച്ചിരിക്കുകയാണ്, മരുന്നുമാമല എന്ന ഡോക്യുഫിക്ഷനിലൂടെ. ഗുരുദര്‍ശനത്തില്‍ സ്പെഷ്യലൈസ് ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍ സജീവ് കൃഷ്ണന്റേതാണ് അന്വേഷണവും കണ്ടെത്തലുകളും എഴുത്തും. അതിന് ദൃശ്യഭാഷ്യം നല്‍കിയത് പ്രമുഖ ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. മഹേഷ് കിടങ്ങില്‍ ആണ്. വെറുമൊരു ഫിക്ഷന്‍ ചിത്രീകരണം എന്നതിലുപരി ഹോളിവുഡ് സിനിമയുടെ കഥാകഥന രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പൂര്‍ണമായും മരുത്വാമലയുടെ മുകളില്‍ നിന്നെടുത്ത ഏരിയല്‍ ദൃശ്യങ്ങള്‍ക്ക് ആത്മീയതയുടെ ദീപ്തമായ ഭാവം കൂടി കൈവന്നിരിക്കുന്നു.മരുത്വാമലയില്‍ നടന്നുവരുന്ന ചതയപൂജ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മരുത്വാമല ഗുരുധര്‍മ്മമഠത്തിന്റെ നേതൃത്വത്തില്‍ 29 മിനിറ്റ് വരുന്ന മരുന്നുമാമല ഡോക്യുഫിക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് . അടുത്തവര്‍ഷം മലയുടെ അടിവാരത്ത് നിര്‍മ്മാണം തുടങ്ങുന്ന വിശ്വശാന്തി മന്ദിറിന്റെ സന്ദേശം ലോകത്തോട് വിളിച്ചുപറയുക എന്ന ദൗത്യവും മരുന്നുമാമലയ്ക്കുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുകയാണ് ഈ ചെറുദൃശ്യവിസ്മയം. ആഗസ്റ്റ് 9ന് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ മരുന്നുമാമല മുഖ്യമന്ത്രി പിണറായി വിജയന്‍ റിലീസ് ചെയ്യും. ഛായാഗ്രഹണം : അഭിറെജി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: കിഷോര്‍ കരമന, ജുബിന്‍ തോമസ്, സംഗീതം: അശ്വിന്‍ ജോണ്‍സണ്‍, എഡിറ്റര്‍: അരുണ്‍ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ദീപു ശശിധരന്‍, ഷാജു രവീന്ദ്രന്‍ നായര്‍. ഗായകര്‍: ചന്ദ്രശേഖര്‍, അനിറാം, പ്രമീള, ശബ്ദസംയോജനം: ജിബിന്‍, എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

NO COMMENTS

LEAVE A REPLY