രവിചന്ദ്ര അശ്വിൻ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി

228

ദുബായ് ∙ ട്വന്റി 20 പോലെ ക്ഷണത്തിൽ മാറിമറിഞ്ഞ് ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്. വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ മിന്നൽ പ്രകടനത്തോടെ രവിചന്ദ്ര അശ്വിൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരിലും ഒന്നാം സ്ഥാനത്ത് അശ്വിൻ തന്നെയാണ്. ബോളിങ്ങിൽ പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷായെയാണ് അശ്വിൻ മറികടന്നത്.

ഇംഗ്ലണ്ടിനെതിരെ ലോർഡ്സ് ടെസ്റ്റിലെ പത്തു വിക്കറ്റ് നേട്ടത്തോടെ കഴിഞ്ഞ വാരമാണ് യാസിർ ഒന്നാം സ്ഥാനത്തേക്കു കയറിയത്. എന്നാൽ, പാക്കിസ്ഥാൻ പരാജയപ്പെട്ട ഓൾഡ് ട്രാഫഡ് ടെസ്റ്റിൽ ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ യാസിർ അഞ്ചാം സ്ഥാനത്തേക്കു വീണു. ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ഡെയ്ൽ സ്റ്റെയ്ൻ എന്നിവരാണ് അശ്വിനു പിന്നിലുള്ളത്. അശ്വിനും ആൻഡേഴ്സണും തമ്മിൽ ഒരു പോയിന്റ് വ്യത്യാസമേയുള്ളൂ. ടെസ്റ്റിനു മുൻപ് ഇതു മൂന്നു പോയിന്റായിരുന്നു. എന്നാൽ ആന്റിഗ്വയിലെ പ്രകടനം അശ്വിന് അഞ്ചു പോയിന്റ് നൽകിയപ്പോൾ ഓൾഡ് ട്രാഫഡിലെ നേട്ടം ആൻഡേഴ്സണു നൽകിയത് ഏഴു പോയിന്റ്.

ഇതോടെ വ്യത്യാസം കുറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിനെതിരെ നിറം മങ്ങിയതോടെ യാസിറിനു നഷ്ടമായത് 46 പോയിന്റ്. പോയിന്റ് അടിസ്ഥാനത്തിൽ ഏറെ പിന്നിലാണെങ്കിലും റാങ്കിങ്ങിൽ ആറാം സ്ഥാനത്തായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുണ്ട്. വിൻഡ‍ീസിനെതിരെ ടീമിലിടം പിടിക്കാനാവാതെ പോയതാണു ജഡേജയ്ക്കു തിരിച്ചടിയായത്. സെഞ്ചുറി പ്രകടനത്തോടെ ബാറ്റിങ് റാങ്കിങ്ങിലും അശ്വിൻ മുന്നോട്ടു കയറി. മൂന്നു സ്ഥാനങ്ങൾ കയറി 45–ാമത്.

NO COMMENTS

LEAVE A REPLY