ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്

202

കിങ്സ്റ്റൺ (ജമൈക്ക) ∙ പരമ്പരയുടെ ഗതി എങ്ങോട്ട് എന്നതിന്റെ സൂചനയായിരുന്നു ആദ്യ ടെസ്റ്റ്. പോയ കാല പ്രതാപത്തിന്റെ നിഴൽ മാത്രമായ ഇപ്പോഴത്തെ വെസ്റ്റ് ഇൻഡീസ് ടീമിനെ കരുത്തിന്റെ കാലടിക്കുള്ളിൽ ചവിട്ടിയരച്ച് ആദ്യടെസ്റ്റിൽ ഇന്ത്യയ്ക്കു വിജയം. ലോകാദ്ഭുതങ്ങൾ പോലെ എന്തെങ്കിലും സംഭവിച്ചില്ലെങ്കിൽ ഈ പരമ്പരയുടെ ഒഴുക്ക് പരിപൂർണമായി ഇന്ത്യയുടെ ഇഷ്ടങ്ങൾക്കൊപ്പിച്ചാവും. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് രണ്ടാം ടെസ്റ്റ് ആരംഭിക്കും. ക്രിക്കറ്റിന്റെ ഓരോ തുടിപ്പും ഹൃദയത്തിലേറ്റു വാങ്ങിയ പഴയ ഗാലറികൾ കണ്ടിട്ടുള്ളവരെ ഇപ്പോഴത്തെ മാറ്റം ആശ്ചര്യപ്പെടുത്തും, ആശങ്കപ്പെടുത്തും.

ആദ്യ ടെസ്റ്റിനിടെ ഗാലറിയിൽ കാണികളെ കണ്ടെത്താൻ തന്നെ പാടായിരുന്നു. കരീബിയൻ മണ്ണിൽ നിന്നു ക്രിക്കറ്റിന്റെ തരിപ്പ് പടിയിറങ്ങുന്നതിന്റെ വേദനിപ്പിക്കുന്ന സൂചനകൾ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനെയും ഇതു ബാധിച്ചിട്ടുണ്ട്. പ്രതിഭയിലെ തിളക്കം ഇപ്പോഴുമുണ്ടെങ്കിലും ഒരു ടീമെന്ന നിലയിൽ വിൻഡീസ് പരാജയപ്പെടുന്നു. ആദ്യ ടെസ്റ്റിലെ ഇന്നിങ്സ് തോൽവി ഇതിനു തെളിവ്. കോച്ച് എന്ന നിലയിൽ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സ്വന്തമാക്കിയ വിജയം തുടരാൻ തന്നെയാവും അനിൽ കുംബ്ലെയുടെയും സംഘത്തിന്റെയും ശ്രമം. പക്ഷേ, പച്ചപ്പു നിറഞ്ഞ പിച്ചാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്; ആദ്യ ടെസ്റ്റിൽ നിന്നു തീർത്തും വ്യത്യസ്തം. ഈ പിച്ചിൽ അവസാനമായി ഒരു ടെസ്റ്റ് അഞ്ചു ദിവസം ദീർഘിച്ചത് 2008ൽ ആണ്. ഓസ്ട്രേലിയ 98 റൺസിനു വിജയിച്ചു. പിന്നീട് അഞ്ചു ടെസ്റ്റ് ഇവിടെ നടന്നു. നാലു ദിവസത്തിനപ്പുറം നീണ്ടില്ല. 2011ൽ ഇന്ത്യ 63 റൺസിനു ജയിച്ച ടെസ്റ്റും ഇതിൽ ഉൾപ്പെടുന്നു.

വെസ്റ്റ് ഇൻഡീസ് ഏറ്റവുമൊടുവിൽ ഇവിടെ കളിച്ചത് കഴിഞ്ഞ വർഷം. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് നാലാം ദിവസം ഉച്ചയ്ക്ക് അവസാനിച്ചു. പച്ചപ്പുൽ പിച്ച് ഏതു ടീമിനെയാണു കൂടുതൽ സന്തോഷിപ്പിക്കുന്നതെന്നു വ്യക്തമല്ല. എങ്കിലും മൽസരം കൂടുതൽ സന്തുലിതമാക്കാൻ പിച്ച് സഹായിക്കുമെന്നു വെസ്റ്റ് ഇൻഡീസ് പ്രതീക്ഷിക്കുന്നുണ്ടാവും. ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ തിളക്കത്തിൽ അലസത കാട്ടാൻ ഇന്ത്യയ്ക്കാവില്ല. മൂന്നു ടെസ്റ്റ് ബാക്കി നിൽക്കുന്നു.

മുരളി വിജയ് പരുക്കിൽനിന്നു മോചിതനായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ഷാനോൻ ഗബ്രിയേലിന്റെ പന്ത് വിരലിൽ കൊണ്ടു പരുക്കേറ്റ മുരളി പിന്നീട് വിൻഡീസിന്റെ രണ്ട് ഇന്നിങ്സിലും ഫീൽഡ് ചെയ്തില്ല. കഴിഞ്ഞ ദിവസം ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും ഇന്നലെ പരിശീലനത്തിനെത്തിയില്ല. മുരളി കളിക്കുന്നില്ലെങ്കിൽ കെ.എൽ.രാഹുൽ പകരമെത്തും. ടീം കോമ്പിനേഷനും കൗതുകമുണർത്തുന്നു. അഞ്ചു ബോളർമാരെ കോഹ്‌ലി വീണ്ടും പരീക്ഷിക്കുമോ എന്നതാണു പ്രസക്തമായ ചോദ്യം.

ബോളർമാരെ തുണയ്ക്കുന്ന പിച്ചിൽ ബാറ്റിങ് ശക്തിപ്പെടുത്താനാണു മുൻപു കോഹ്‌ലി മുതിർന്നിട്ടുള്ളത്. വിൻഡീസ് കൂടുതൽ ബോളർമാരെ ഉൾപ്പെടുത്തിയാൽ ഒരു ബാറ്റ്സ്മാനെ കൂടുതലായി ഉൾപ്പെടുത്താനാവും കോഹ്‌ലിയുടെ ശ്രമം. മുരളി വിജയ്, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നീ മൂന്നു മുൻനിര ബാറ്റ്സ്മാൻമാരും കൂടി ആദ്യ ടെസ്റ്റിൽ നേടിയത് 45 റൺസ് മാത്രമാണ്. ഒരു സ്പിന്നറെ കുറയ്ക്കുമ്പോൾ അമിത് മിശ്ര ആദ്യ ഇലവനിൽ ഉണ്ടാവില്ല. ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവർ തന്നെയാവും പേസ് നിരയിൽ.

പിച്ചിന്റെ അനുകൂല സ്ഥിതി മുതലെടുക്കാൻ ഉദ്ദേശിച്ച് പേസ് ബോളർ അൽസാരി ജോസഫിനെ വിൻഡീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റിൽ സ്ഥാനം ലഭിക്കാതെ പോയ മിഗുൽ കുമ്മിൻസും ടീമിലെത്തി. ബംഗ്ലദേശിൽ നടന്ന അണ്ടർ–19 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരമാണ് ജോസഫ്. മൊത്തം 13 വിക്കറ്റെടുത്ത ജോസഫിന്റെ പ്രകടനം വിൻഡീസിന്റെ കിരീടനേട്ടത്തിൽ നിർണായകമായി.

NO COMMENTS

LEAVE A REPLY