അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്‌മാൻ

29

അടുത്ത അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ‘അക്കാദമിക തലത്തിൽ കായികം പ്രത്യേക ഇനമായി ആദ്യമായി ഉൾപ്പെടുത്തുകയാണ്. അടുത്ത അധ്യയന വർഷം മുതൽ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനവും കേണൽ ഗോദവർമ്മ രാജയുടെ ജന്മദിനാഘോഷത്തിന്റേയും ഭാഗമായുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂറോപ്പ് മുഴുവൻ സഞ്ചരിച്ച് ലോക കായികയിനങ്ങൾ മനസിലാക്കി അവ കേരളത്തിൽ അവതരിപ്പിച്ച ഭരണാധികാരി ആയിരുന്നു ജി.വി രാജയെന്ന് മന്ത്രി അനുസ്മരിച്ചു. ക്രിക്കറ്റ്, ഫുട്‌ബോൾ പോലുള്ള കായികയിനങ്ങൾ ഇവിടത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയത് രാജയാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ചത്. കായികം അക്കാദമിക പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന രാജയുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹ്‌മാൻ ചൂണ്ടിക്കാട്ടി.

കവടിയാറിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ നടത്തിയ ദീപശിഖാ പ്രയാണവും കൂട്ടയോട്ടവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയും റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഗിന്നസ് റെക്കോർഡിന് ഉടമയുമായ സബിനയ്. ബി ദീപശിഖ ഏറ്റുവാങ്ങി ഒളിമ്പ്യൻ കെ. എം ബീന മോൾ, കേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ്, കായിക യുവജന കാര്യാലയം ഡയറക്ടർ പ്രേം കൃഷ്ണൻ. എസ്, അഡീഷണൽ ഡയറക്ടർ സീന എ. എൻ. തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS