പ്രഥമ സ്‌പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തില്‍ ഫ്രാന്‍സ് വിജയി

212

കൊച്ചി: കേരള ടൂറിസം, യുനൈസ്‌കോയുടെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പാചക മത്സരത്തില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രാന്‍സിന്റെ ദിദിയര്‍ കോര്‍ലുവും ലെ മിന്‍ മാന്‍ എന്നിവരടങ്ങിയ ടീം ഉണ്ടാക്കിയ വിഭവമാണ് ഒന്നാം സ്ഥാനത്തിനര്‍ഹമായത്. ഈജിപ്തിന്റെ യാസര്‍ റമദാന്‍, മറിയം മാഗ്ദി എന്നിവരടങ്ങിയ ടീമിനാണ് രണ്ടാം സ്ഥാനം. തായ്‌ലാന്റിന്റെ സോങ് പോള്‍, വിതാന്‍ വാറ്റ, ജാരൂക് ഷിയാ റൂണ്‍ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.കേരള ഇനങ്ങളിലെ പ്രൊഫഷണല്‍ വിഭാഗത്തില്‍ എറണാകുളം സ്വദേശി പ്രകാശ് സുന്ദരം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം അശോക് ഈപ്പനാണ് രണ്ടാം സ്ഥാനം. ഇറ്റാലിയന്‍ രുചികള്‍ കേരള വിഭവങ്ങളിലേക്കെത്തിച്ച എറണാകുളം സിയാദ് സി എ മൂന്നാം സ്ഥാനവും നേടി.ഗാര്‍ഹിക വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശി വിദ്യാര്‍ത്ഥി കൂടിയായ സഞ്ജയ് സണ്ണിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആലുവ സ്വദേശി ലിസ ജോജി രണ്ടാം സ്ഥാനവും മലപ്പുറം സ്വദേശി സയിദ അബ്ദുള്‍ റഹിം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ടൂറിസത്തോടൊപ്പം ജനങ്ങളുടെ ജീവിത നിലവാരം കൂടി മെച്ചപ്പെടണമെന്ന് സമാപന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന എം പി കെ വി തോമസ് പറഞ്ഞു. തന്റെ മണ്ഡലത്തില്‍ അന്താരാഷ്ട്ര പാചക മത്സരം നടന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിനു വേണ്ടി വ്യത്യസ്തമായ ആശയങ്ങളുമായി സ്‌പൈസ് റൂട്ട് രാജ്യങ്ങളിലെ നയതന്ത്ര സമൂഹം മുന്നോട്ടു വരണമെന്ന് യുനെസ്‌കോ ഡയറക്ടര്‍ ഷിഗേരു അയോഗി പറഞ്ഞു. സ്‌പൈസ് റൂട്ട് പാചകമേള പോലെ വിജ്ഞാന പ്രദമാകണം ഇത്തരം ആശയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ആശയത്തിന് പ്രചോദനമായത് മുസിരിസ് പൈതൃക പദ്ധതിയാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു. അവിടെ നിന്നുമാണ് സ്‌പൈസ് റൂട്ട് രാജ്യങ്ങളെന്ന ആശയം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ഫ്രഞ്ച് ടീമിലെ അംഗങ്ങള്‍ക്ക് പങ്കാളിയുമൊത്ത് കേരളത്തില്‍ 15 ദിവസത്തെ അവധിക്കാല പാക്കേജാണ് സമ്മാനം. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെയാണ് ഈ പാക്കേജ്. രണ്ടാം സ്ഥാനക്കാര്‍ക്ക് റിട്ടേണ്‍ വിമാനടിക്കറ്റോടു കൂടിയ പത്തു ദിവസത്തെ പാക്കേജാണ് സമ്മാനം. 7 ദിവസത്തെ പാക്കേജാണ് മൂന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക.കേരള ഇനത്തില്‍ വിജയികളായവര്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയുും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.
amateur-first
team-france-first

NO COMMENTS

LEAVE A REPLY