എം.എസ്.എം.ഇ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ് -മുഖ്യമന്ത്രി

65

തിരുവനന്തപുരം : സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവന ത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ ‘ഭദ്രത’യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറാ യി വിജയൻ അറിയിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുന്ന സാഹചര്യത്തിൽ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ഇങ്ങോട്ട് ആകർഷിക്കേണ്ടതുണ്ട്. ഇവിടുത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണം.പാക്കേജ് പ്രകാരം, നിലവിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ ങ്ങൾക്ക് നൽകുന്ന അധിക വായ്പയ്ക്ക് മാർജിൻ മണി സഹായവും പലിശ ഇളവും അനുവദിക്കും.

കെഎസ്ഐഡിസിയും കിൻഫ്രയും വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കും. സംരംഭങ്ങൾക്ക് വായ്പ പലിശ തിരിച്ചടവിന് ആറുമാസത്തേക്ക് സമയം നീട്ടിനൽകും. വ്യവസായവകുപ്പിന് കീഴിലെ സ്റ്റാൻറേർഡ് ഡിസൈൻ ഫാക്ടറികളിൽ മൂന്നുമാസം വാടക ഒഴിവാക്കും.

വ്യവസായ പാർക്കുകളിലെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് സംരംഭകരിൽനിന്ന് ഈടാക്കുന്ന വാടക മൂന്നുമാസത്തേക്ക് ഒഴിവാക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. എംഎസ്എംഇകളിൽപ്പെട്ട ഉൽപാദന വ്യവസായങ്ങൾക്ക് പലിശസബ്സിഡി അനുവദിക്കും. വൈവിധ്യവൽക്കരണത്തിനും വികസനത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശക്ക് ആറുമാസത്തേക്ക് ആറുശതമാനം കിഴിവുനൽകും.

കെഎസ്ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങൾക്ക് പ്രവർത്തന മൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ അനുവദിക്കും. കെഎസ്ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിങ് യൂണിറ്റുകൾക്കും ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പലിശയും മുതലും തിരിച്ചടക്കുന്നതിന് മൂന്നുമാസത്തെ മൊറോട്ടോറിയം അനുവദിക്കും. മൊറോട്ടോറിയത്തിനുശേഷം പിഴപ്പലിശയില്ലാതെ വായ്പ തിരിച്ചടക്കാം. കെഎസ്ഐഡിസിയിൽനിന്ന് വായ്പയെടുത്ത സംരംഭകരുടെ പിഴപ്പലിശ ആറുമാസത്തേക്ക് പൂർണമായി ഒഴിവാക്കും.

എംഎസ്എംഇകൾക്ക് കെഎസ്ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഒരുകോടി രൂപയ്ക്കു മുകളിലുള്ള വായ്പ മാത്രമേ അനുവദിക്കുന്നുള്ളു.
കെഎസ്ഐഡിസിയുടെയും കിൻഫ്രയുടെയും വ്യവസായ പാർക്കുകളിൽ സ്ഥലം എടുക്കുന്ന സംരംഭകരുടെ തിരിച്ചടവ് കാലാവധി വർധിപ്പിക്കും. മുൻകൂർ അടയ്ക്കേണ്ട പാട്ടപ്രീമിയം കുറയ്ക്കും.

സ്ത്രീകൾക്കും പട്ടികജാതി പട്ടികവർഗക്കാർക്കും യുവസംരംഭകർക്കും പ്രത്യേക പരിഗണന നൽകി സംരംഭക സഹായപദ്ധതി നടപ്പാക്കും. ഇവർക്ക് 25 ശതമാനം മാർജിൻ മണി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുകിട വ്യവസായ സംരംഭകരെ സംബന്ധിച്ചടത്തോളം ലോക്ക്ഡൗൺ വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ രണ്ട് ആവശ്യങ്ങളാണ് സംസ്ഥാന സർക്കാരിന്റെ മുന്നിൽ അവർ ഉന്നയിച്ചിട്ടുള്ളത്.

ഒന്ന്, നിലവിലുള്ള വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം നൽകുക, പലിശ ഈ കാലയളവിൽ ഒഴിവാക്കുക. രണ്ട്, പുതിയ വായ്പ അനുവദിക്കുക. കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്ര പാക്കേജിൽ രണ്ടാമത്തെ കാര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. അതുതന്നെ ബാങ്കുകൾ കനിഞ്ഞാൽ മാത്രമേ യാഥാർത്ഥ്യമാവുകയുള്ളൂ. എന്നാൽ, മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാൻ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കേന്ദ്രസർക്കാരിന്റെ കൈയിൽ നിന്ന് പണം നൽകേണ്ടി വരുമായിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിൽ കേന്ദ്രസർക്കാരിന്റെ ബജറ്റിൽ നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണം.

ബാങ്കുകൾ വായ്പ കൊടുക്കാൻ വിസമ്മതിക്കുന്ന പ്രശ്നം ഈ ദുരിതകാലത്തു പോലും വന്നിട്ടുണ്ട്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ബാങ്കുകൾ ആർബിഐയിൽ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി രൂപ ഇപ്രകാരം നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെയും വ്യവസായങ്ങളെയും മറ്റും ഒരുമിച്ചിരുത്തി ഇക്കാര്യത്തിൽ സാമ്പത്തിക മേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന ഇടപെടലുകൾ നടത്താൻ ശ്രമിക്കും.

വൈദ്യുതിയുടെ ഫിക്സ്ഡ് ചാർജ് ഇപ്പോൾ മാറ്റിവെച്ചിരിക്കുകയാണ്. എഴുതിത്തള്ളുന്നതിന് കേന്ദ്രസർക്കാരിന്റെ സഹായം വേണം. ഇതോടൊപ്പം ചെറുകിട മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ധനസഹായം നൽകേണ്ടതുണ്ട്. പിഎഫ് അടയ്ക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കിൽ 15,000 രൂപയിൽ താഴെയായിരിക്കണം ശമ്പളമെന്ന നിബന്ധന നീക്കം ചെയ്യാൻ തയ്യാറാകണം.

വൈദ്യുതി കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള 90,000 കോടി രൂപയുടെ സഹായത്തിന്റെ ഗ്യാരണ്ടി സംസ്ഥാനങ്ങളാണ് വഹിക്കേണ്ടി വരിക. എന്നാൽ, സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ ഒരു ധനസഹായവും പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. ഈ സമീപനം ഇനിയുള്ള ദിവസങ്ങളിൽ തിരുത്തുമെന്നാണ് കേരള സർക്കാർ പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ആശയവിനിമയം നടത്തി ആരോഗ്യ-സാമൂഹ്യ സുരക്ഷാ പ്രവർത്തന ങ്ങളിൽ വ്യാപൃതരാവുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതിയൊരുക്കണം. വരുമാനം തീരെയില്ലാത്തതും ചെലവ് ഇരട്ടിച്ചതുമായി ഈ ഘട്ടത്തിൽ ഇത് അത്യാവശ്യമാണ്.

കഴിഞ്ഞ മാർച്ച് 19-ഏപ്രിൽ 19 മാസവുമായി താരതമ്യം ചെയ്താൽ ഇത്തവണ സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ 6451 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS