ഫ്ലോറിഡയില്‍ വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു

205

കേപ്കെനാവറല്‍ • ഫ്ലോറിഡയില്‍ സ്പേസ് എക്സ്പ്ലൊറേഷന്‍ ടെക്നോളജീസ് (സ്പേസ് എക്സ്) കമ്ബനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. കേപ് കെനാവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വരുന്ന മൂന്നിന് നടത്താനിരുന്ന ഉപഗ്രഹ വിക്ഷേപണത്തിനു മുന്നോടിയായി നടത്തിയ പരീക്ഷണപ്പറക്കലിനിടെയായിരുന്നു സ്ഫോടനം. ആളപായമില്ല.വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ നടന്ന സ്ഫോടനത്തില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കെട്ടിടങ്ങള്‍ വരെ പ്രകമ്ബനം കൊണ്ടു. ഏതാനും മിനിറ്റ് നേരത്തേക്ക് തുടര്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകാശത്തേക്ക് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.
സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി കമ്ബനി അറിയിച്ചു.പേടകം വിക്ഷേപിച്ച ശേഷം തിരിച്ചിറക്കാവുന്ന റോക്കറ്റുകള്‍ നിര്‍മിച്ച്‌ പേരെടുത്ത കമ്ബനിയാണ് സ്പേസ് എക്സ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുപേടകവുമായി കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റും വിക്ഷേപിച്ചു രണ്ടു മിനിറ്റിനകം പൊട്ടിത്തെറിച്ചിരുന്നു.