ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിനാകില്ലെന്ന് സൗരവ് ഗാംഗുലി

207

ഡല്‍ഹി : ശക്തമായ നിലയില്‍ മുന്നേറുന്ന ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-0 അല്ലെങ്കില്‍ 4-0 എന്ന നിലയില്‍ ജയിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയെ മറികടക്കണമെങ്കില്‍ 2012ല്‍ മൂന്ന് ടെസ്റ്റുകളില്‍ ശതകം കുറിച്ച അലിസ്റ്റര്‍ കുക്കിന്‍റെ പോലുള്ള പ്രകടനം ഇംഗ്ലണ്ട് നടത്തേണ്ടി വരുമെന്നും ഗാംഗുലി പറഞ്ഞു. 2012 ലെ മത്സരത്തില്‍ മുംബൈയില്‍ അവിശ്വസനീയമായ ഒരു ഇന്നിങ്സാണ് കെവിന്‍ പീറ്റേഴ്സണ്‍ നടത്തിയത്. ഇയാന്‍ ബെല്ലും ജോനാഥന്‍ ട്രോട്ടും ശതകം നേടിയിരുന്നു.അന്നുണ്ടായിരുന്ന ഇംഗ്ലണ്ട് ടീമിന്‍റെ കെട്ടുറപ്പ് ഇന്നത്തെ ബാറ്റിംഗ് നിരക്കുണ്ടോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിനെതിരായ പരമ്പര സമനിലയില്‍ കലാശിച്ചെങ്കിലും അതില്‍ നിന്നുള്ള പരിചയം ഇംഗ്ലണ്ടിന് ഗുണം ചെയ്യും. മോയിന്‍ അലിയുടെ പ്രകടനം ഇംഗ്ലണ്ടിന് നിര്‍ണായകമായേക്കുമെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ കൊണ്ടൊന്നും ഇന്ത്യന്‍ ടീമിന് നിരാശപ്പെടേണ്ടി വരില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഗാംഗുലി ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്.