ആന്ധ്രാപ്രദേശ് സ്വദേശിയുടെ കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത ആറ് മലയാളികൾ അറസ്റ്റിൽ

14

ഈറോഡ് ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കേസിൽ മലയാളികളായ ആറുപേരെ ഈറോഡ് പോലീസ് അറസ്റ്റുചെയ്തു. ജയൻ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്മാൻ (37), എ. സന്തോഷ് (വിപുൽ-31), എ. മുജീബ് റഹ്മാൻ (45) എന്നിവരെയാണ് സിത്തോട് പോലീസ് അറസ്റ്റുചെയ്തത്. 21-ന് നെല്ലൂർ സ്വദേശി വികാസ് കാറിൽ കോയമ്പത്തൂരിലേക്കുവരുമ്പോൾ ദേശീയപാതയിൽ ഭവാനിക്കുസമീപം മറ്റൊരു കാറിൽ പിന്തുടർന്നുവന്ന സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന്, കാറിലുണ്ടായിരുന്ന രണ്ടുകോടിരൂപയും വണ്ടിയുമെടുത്ത് അക്രമി സംഘം കടന്നുകളഞ്ഞു. ഉടൻതന്നെ വികാസ് സമീപത്തെ സിത്തോട് പോലീസ് സ്റ്റേഷനിൽ പരാതിനൽകി. അന്വേഷണത്തിൽ അന്നുതന്നെ സിയോട് ഭാഗത്ത് ഉപേക്ഷിച്ചനിലയിൽ കാർ കണ്ടെത്തി.

കഴിഞ്ഞദിവസം രാവിലെ സിത്തോട് ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സംശയകരമായി കണ്ട കാർ പരിശോധിച്ചു. വണ്ടിയിൽ നടത്തിയ പരിശോധനയിൽ വ്യാജ സ്പീക്കറും വാൾ ഉൾപ്പടെ മാരകായുധങ്ങളും 20,000 രൂപയും കണ്ടെത്തി തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 21-ലെ കവർച്ച യുടെ വിവരങ്ങൾ പോലീസിന് ലഭിച്ചത്. 21-ന് വാനി ലക്ഷ്മിനഗർ ഭാഗത്തുവെച്ച് വികാസിന്റെ കാർ തടഞ്ഞുനിർത്തി പണം കൊള്ളയടിച്ചെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മറ്റൊരു കവർച്ചയ്ക്കുപോകുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

NO COMMENTS

LEAVE A REPLY