വമ്പിച്ച ജനപങ്കാളിത്തം സൃഷ്ടിച്ച് സൈന്‍സ്-2016 മേളയ്ക്ക് സമാപനം

235

കൊച്ചി: കഴിഞ്ഞ ഒരു ദശകമായി കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ക്ക് വേറിട്ട ദൃശ്യാനുഭവം കാഴ്ചവച്ചിരുന്ന സൈന്‍സ് ചലച്ചിത്രമേളയുടെ പത്താം പത്തിപ്പിന് സമാപനമായി. എറണാകുളം ടൗണ്‍ ഹാളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവന്ന മേളയില്‍ വമ്പിച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്.സൈന്‍സ് മേളയുടെ ചരിത്രത്തിലാദ്യമായി പ്രതിനിധികളുടെ എണ്ണം ആയിരം കടന്നത് ഇത്തവണയായിരുന്നു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കൊച്ചിയില്‍ സൈന്‍സ് ചലച്ചിത്രമേള സംഘടിപ്പിച്ചത്.സൈന്‍സിന്റെ പത്താം ലക്കത്തില്‍ പ്രതിനിധികളുടെ വൈവിദ്ധ്യം എടുത്തു പറയേണ്ടതാണ്. സാധാരണക്കാരും, വിദ്യാര്‍ഥികളും, ചെറുപ്പക്കാരും, വയോജനങ്ങളുമെല്ലാം സൈന്‍സിനെ പങ്കാളിത്തം കൊണ്ട് സജീവമാക്കി. മഹാശ്വേതാദേവിക്ക് ജോഷി ജോസഫ് നല്‍കിയ അനുസ്മരണ ഹ്രസ്വചിത്രം അവസാന ദിവസത്തെ മികച്ച ദൃശ്യാനുഭവമായി.ഹ്രസ്വചിത്രങ്ങളില്‍ ഏറ്റവുമധികം താത്പര്യമുള്ള വിഭാഗം വിദ്യാര്‍ത്ഥികളാണെന്ന് സൈന്‍സ് മേള തെളിയിച്ചു. മാധ്യമപ്രവര്‍ത്തനവും ദൃശ്യകലയുമൊക്കെ പഠിക്കുന്ന നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ സൈന്‍സ് മേളയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഇടപ്പള്ളി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, തേവര സേക്രഡ്ഹാര്‍ട്ട്, കൊച്ചിന്‍ മീഡിയ സ്‌കൂള്‍, ഭാരത് മാതാകോളേജിലെ സയന്‍സ് അക്കാദമി എന്നിവിടങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികളെത്തിയിരുന്നു.പ്രമോദ് പതിയെ ആസ്പദമാക്കി ഇന്നലെയും ഇന്നും നടന്ന റെട്രോസ്‌പെക്ടീവ് വിഭാഗം ഏറെ താത്പര്യജനകമായിരുന്നു എന്ന് തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നെത്തിയ രഘുലാല്‍ ചൂണ്ടിക്കാട്ടി. ലോകോത്തര നിലവാരമുള്ള സിനിമകള്‍ കാണാനായതിന്റെ സന്തോഷത്തിലാണ് സാഹിത്യവിദ്യാര്‍ഥിനിയായ സൗമ്യ വാസുദേവന്‍. ടിവിയിലും തിയേറ്ററിലും വരുന്ന മുഖ്യധാരാ സിനിമകള്‍ക്ക് സമാന്തരമായ പാതയാണ് സൈന്‍സ് തുറന്നു തരുന്നതെന്നും സൗമ്യ പറഞ്ഞു.ദൃശ്യഭാഷയിലെ വിദഗ്ധരായ നീലനെപ്പോലുള്ളവരുടെ സാന്നിദ്ധ്യം ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് മികച്ച അനുഭവമായിരുന്നു.