സൈന്‍സ് 2016ന് നാളെ തിരശീല വീഴും

211

കൊച്ചി: മികച്ച ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്ററികള്‍ക്കുമുള്ള പുരസ്‌കാര ദാന ചടങ്ങോടെ പത്താമത് സൈന്‍സ് മേള ഞായറാഴ്ച സമാപിക്കും.എറണാകുളം ടൗണ്‍ ഹാളില്‍ വെകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ സമാപന ചടങ്ങില്‍ അധ്യക്ഷയായിരിക്കും. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു സ്വാഗതം പറയും. സൈന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വി.കെ.ജോസഫ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഡോ.സി.എസ്. വെങ്കിടേശ്വരന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ ജൂറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുയും ജൂറി അംഗങ്ങളായ പ്രേമേന്ദ്ര മജുംദാര്‍, ഫൗസിയ ഫാത്തിമ എന്നിവര്‍ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യും. തുടര്‍ന്നാണ് അവാര്‍ഡ് ദാനം. 2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ജോണ്‍ ഏബ്രഹാം പുരസ്‌കാരം പി. എസ്. മനുവിന്റെ മണ്‍റോ തുരുത്തിനാണ്. എസ്. സുനിലിന്റെ മറുഭാഗം, സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി എന്നിവയ്ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. തുടര്‍ന്ന് സൈന്‍സ് 2016 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുംസിനിമ ഓഫ് റസിസ്റ്റന്‍സ്, സിനിമ ഓഫ് എക്‌സ്പിരിമെന്‍ഷ്യ എന്നിവയിക്കുള്ള അവാര്‍ഡുകള്‍, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍, സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം എന്നിവയും പ്രഖ്യാപിക്കും.പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരായ കെ.ജി.ജോര്‍ജ്, ലെനിന്‍ രാജേന്ദ്രന്‍, കെ.ആര്‍.മോഹനന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, ട്രസ്റ്റി ബോണി തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. സൈന്‍സ് കോര്‍ഡിനേറ്റര്‍ കെ.ജി.മോഹന്‍കുമാര്‍ നന്ദി രേഖപ്പെടുത്തും.