സൈന്‍സ് മേള തുടങ്ങി ചലച്ചിത്രമേളകള്‍ തലമുറകള്‍ക്ക് ദിശാബോധം നല്‍കണം: കമല്‍

208

തിരുവനന്തപുരം: ചലച്ചിത്ര മേളകളെ സിനിമ കാണാന്‍ വേണ്ടി മാത്രമുള്ള വേദികളാക്കരുതെന്നും അവിടങ്ങളില്‍ രാഷ്ട്രീയവും സംസ്‌കാരവും സാമൂഹിക പ്രശ്‌നങ്ങളുമൊക്കെ സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കണമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ കമല്‍ പ്രസ്താവിച്ചു.

പത്താമത് സൈന്‍സ് ഹ്രസ്വചിത്ര- ഡോക്കുമെന്ററി മേള എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലമുറകള്‍ക്ക് ദിശാബോധം നല്‍കുന്നതായിരിക്കണം ചലച്ചിത്രമേളയെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കാണുന്നതും നിര്‍മിക്കുന്നതും പോലും വ്യക്തിപരമായ അനുഭവമായി മാറുകയും ടെലിവിഷനിലും മൊബൈല്‍ ഫോണിലും സിനിമ കാണാനാവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ സൈന്‍സ് പോലുള്ള മേളകള്‍ കൂട്ടായ്മയുടെയും ചലച്ചിത്ര സംസ്‌കാരത്തിന്റെയും പ്രസക്തിയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ നാം കണ്ടത് നില വിട്ടതും ആശയക്കുഴപ്പം ബാധിച്ചതുമായ ഒരു തലമുറയെയായിരുന്നു. ഈ സ്ഥിതി ആദ്യം പ്രതിഫലിച്ചത് ക്യാമ്പസുകളിലായിരുന്നു. തുടര്‍ന്ന് അത് കലയെയും സംസ്‌കാരത്തെയും സിനിമയെയുമെല്ലാം ബാധിച്ചു. പക്ഷേ അടുത്ത ദശകത്തിന്റെ പകുതി കഴിഞ്ഞപ്പോള്‍ ഇതിനൊരു മാറ്റം വന്നു. ഊര്‍ജസ്വലരായ യുവാക്കള്‍ നല്ല സിനിമയില്‍ താല്പര്യം കാണിച്ചുതുടങ്ങിയെന്നതിന് ഫിലിംസൊസൈറ്റികള്‍ ദൃഷ്ടാന്തമായി. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് തങ്ങളുടെ ഇടപെടലുകള്‍ക്ക് നവചൈതന്യം പകരുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴാണ് ഫിലിം സൊസൈറ്റികള്‍ ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സൈന്‍സ് മേളയെ ഈ ദിശയിലുള്ള പരിശ്രമമായി കാണണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

സജിത മഠത്തിലിന് കോപ്പി നല്‍കി ഫെസ്റ്റിവല്‍ ബുക്ക് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ പ്രകാശനം ചെയ്തു. തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും കൂടെയുള്ളവര്‍ എന്ത് കാണുന്നുവെന്ന് മനസിലാക്കാനും കലയും കാലവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും വിഡിയോ ചിത്ര നിര്‍മാതാക്കള്‍ക്ക് സൈന്‍സ് സജീവമായ വേദിയാണെന്ന് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സി.എസ്.വെങ്കിടേശ്വരന്‍ പറഞ്ഞു.
സിനിമയിക്ക് പ്രേക്ഷകര്‍ കുറയുന്നതില്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ച എഫ്എഫ്എസ്‌ഐ വൈസ് പ്രസിഡന്റ് ചെലവൂര്‍ ആശങ്ക രേഖപ്പെടുത്തി. ഇപ്പോഴത്തെ തലമുറ കലാരൂപങ്ങളില്‍നിന്നും സിനിമയില്‍നിന്നും വിട്ടുപോകുകയാണെന്നും ഈ പ്രവണത തുടരുകയാണെങ്കില്‍ ഗൗരവമുള്ള സിനിമയടക്കം ഇവയെല്ലാം വൈകാതെ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ ഫിലിം സൊസൈറ്റി സെക്രട്ടറി എം. ഗോപിനാഥന്‍, എഫ്എഫ്എസ്‌ഐ കേരള സെക്രട്ടറി വി.കെ. ജോസഫ്, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകമാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഇരുനൂറോളം ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സൗജന്യമായ പ്രദര്‍ശനങ്ങള്‍ക്കുപുറമെ ഓപ്പണ്‍ ഫോറം, സെമിനാറുകള്‍ എന്നിവയോടെ ടൗണ്‍ഹാളിലെ രണ്ടു വേദികളിലായി നടക്കുന്ന ഒക്‌ടോബര്‍ രണ്ടിനു സമാപിക്കും.