പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും അപമാനിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

219

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും അപമാനിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എരുമപ്പെട്ടി സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടി.ഡി. ജോസിനെയാണ് സസ്‌പെന്റ് ചെയ്തത്. മകളെ അയല്‍ക്കാര്‍ പീഡിപ്പിച്ചതില്‍ പരാതി പറയാനെത്തിയപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയോടും മകളോടും മോശമായി പെരുമാറിയത്. തൃശൂര്‍ എരുമപ്പെട്ടിയില്‍ ബുദ്ധിവളര്‍ച്ചയെത്താത്ത പന്ത്രണ്ട് വയസുകാരിയെ അയല്‍ക്കാരായ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പോലീസ് അപമാനിച്ചത്. അഡീഷണല്‍ എസ്‌ഐ ടി.ഡി. ജോസ് അപമാനിച്ചെന്നാരോപിച്ച് വീട്ടമ്മ കുന്ദംകുളം സിഐ, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എഡിജിപി എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിഡി ജോസിനെ സസ്‌പെന്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍ക്കാരായ അച്ഛനെയും മകനെയും പോസ്‌കോ കോടതി റിമാന്റ് ചെയ്തു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നും വീട്ടമ്മ പറയുന്നു. കേസ് നല്‍കിയതില്‍ പ്രകോപിതരായി പ്രതികളോടൊപ്പം വീട്ടമ്മയെയും മകളെയും ഉപദ്രവിച്ച മുപ്പതോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY