ലൈഫ് മിഷനെത്തി, ദൈനബിയുടെ ജീവിതത്തില്‍ സന്തോഷവുമായി

74

കാസറകോട് : വര്‍ഷങ്ങളുടെ അലച്ചലിന് ശേഷം ദൈനബിയുടെ ജീവിതം ഇന്ന് ധന്യമാണ്. കാലങ്ങളായി വാടക വീടുകളില്‍ കഴിഞ്ഞിരുന്ന ദൈനബിക്കും കുടുംബത്തിനും ലൈഫ് മിഷനിലൂടെ സഫലമായത് ഒരു വീടിനേക്കാളുപരി ജീവിതാഭിലാഷം തന്നെയാണ്. സ്വന്തമായൊരു വീടെന്നത് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന സമയത്താണ് ജീവിതത്തിന് വെളിച്ചമായി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കുമ്പള കിദൂരില്‍ ഒരു വീട് ലഭിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി ലഭിച്ച് വര്‍ഷങ്ങളായെങ്കിലും വീട് നിര്‍മിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലായിരുന്നു. ഹൃദ്രോഗി യാണെങ്കിലും നിത്യജീവിതത്തിനായി കൂലിപ്പണിക്ക് പോകുന്ന ഭര്‍ത്താവും നാലു മക്കളുമൊന്നിച്ച് മൊഗ്രാലിലും സമീപ പ്രദേശങ്ങളിലുമായി വാടക വീടുകളിലായിരുന്നു താമസിച്ചിരുന്നത്. കര്‍ണാടകയില്‍ കുടുംബവേരുകളുള്ള ദൈനബി വളരെ ചെറുപ്പത്തില്‍ ചെര്‍ക്കളയിലെത്തുകയും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം സ്വദേശിയായ ഇസ്മായിലെന്ന ഹസനബ്ബയെ വിവാഹം ചെയ്ത് മൊഗ്രാലില്‍ താമസമാരംഭിക്കുകയുമായിരുന്നു. നാലു സെന്റ് ഭൂമിയിലെ രണ്ട് മുറികളും ഹാളും അടുക്കളയുമടങ്ങുന്ന വീട്ടില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഈ കുടുംബം താമസമാരംഭിച്ചത്.

സേവനതല്‍പരനായ ഒരു വ്യക്തി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി സൗജന്യമായി നിര്‍മിച്ചു നല്‍കിയ കുഴല്‍ കിണറില്‍ നിന്നാണ് വീട്ടാവശ്യത്തിനുള്ള വെള്ളം ലഭ്യമാക്കുന്നത്. കാലങ്ങളായി വാടക വീടുകളില്‍ താമസിച്ചിരുന്ന കുടുംബത്തിന് ഒരിക്കലും യാഥാര്‍ത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കാതിരുന്ന സഹായമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതു സാധ്യമാക്കിതന്ന പഞ്ചായത്തുകാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും പടച്ചവന്റെ അനുഗ്രഹം എല്ലാവര്‍ക്കുമുണ്ടാകുമെന്നും വിതുമ്പലോടെ ദൈനബി പറയുന്നു.

രണ്ട് ആണ്‍മക്കള്‍ പഠിത്തം നിര്‍ത്തി ജോലിക്കു പോകുന്നുണ്ട്. മകളെ പ്രതിസന്ധികള്‍ക്കിടയിലും വിവാഹം ചെയ്തയച്ചു. ഇളയ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

NO COMMENTS