ശൈലജ കുമാരി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും എഴുപതിനായിരം രൂപ പിഴയും

171

തിരുവനന്തപുരം: റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസിൽദാർ ശൈലജ കുമാരി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും എഴുപതിനായിരം രൂപ പിഴയും ശിക്ഷ. കിളിമാനൂർ സ്വദേശി ദിലീപിനെയാണ് തിരുവന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.2014 ഒക്ടോബർ 9നായിരുന്നു കിളിമാനൂരിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കിളിമാനൂർ എസ് എം പാലസിൽ പ്രവർത്തിച്ചിരുന്ന എസ് എം ഫിനാൻസിൽ കമ്മൽ പണയം വെക്കാനെന്ന വ്യാജേനയെത്തിയ പ്രതി കൈയ്യിൽ കരുതിയ ചുറ്റികകൊണ്ട് സ്ഥാപനം നടത്തിപ്പുകാരനും ശൈലജയുടെ ഭർത്താവുമായ മോഹൻ കുമാറിനെ അടിച്ചു വീഴ്ത്തി 70,000 രൂപയും 125 പവൻ സ്വണ്ണം കവരുകയായിരുന്നു. തുടര്‍ന്ന് ശൈലജയെയും ഇതേ ചുറ്റികകൊണ്ട് പ്രതി അടിച്ചു വീഴ്തി രക്ഷപ്പെട്ടു. ശൈലജ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹൻകുമാറിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിളിമാനൂർ സിഐമാരായ എസ് അമ്മിണിക്കുട്ടൻ, എസ് ഷാജി എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.
കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കൽ എന്നിവ അടക്കം അഞ്ച് വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തെന്ന് കണ്ടെത്തിയതിനാൽ പ്രതിയെ ജീവര്യന്തം തടവിനും വിവിധ വകുപ്പുകൾ പ്രകാരം എഴുപതിനായിരം രൂപ പിഴയൊടുക്കാനുമാണ് അഡീഷണൻ സെഷൻസ് ജഡ്‍ജി വി കെ രാജൻ ശിക്ഷിച്ചത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.