ശംഖുംമുഖം എയർപോർട്ട് റോഡ് മാർച്ച് 15 ന് പൊതുജനങ്ങൾക്കായി തുറക്കും

162

തിരുവനന്തപുര൦ : ഏറെ നാളത്തെ കാത്തിരിപ്പി നൊടുവിൽ ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു. റോഡിന്റെ പ്രവർത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി. മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി യുടെയും എം.എൽ.എയുടെയും മറ്റ് ജനപ്രതിനിധി കളുടെയും എല്ലാം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്, റോഡ് പണി സമയബന്ധിതമായി പൂർത്തീകരിക്കാനായതെന്നും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ പൊതുമരാമത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

14.30 മീറ്ററാണ് റോഡിന്റെ വീതി. റോഡിന്റെ ആങ്കറിങ്ങും ബിസി പ്രവർത്തിയും മാത്രമാണ് ബാക്കിയുള്ളത്. അത് തുടർന്നുള്ള ദിവസങ്ങളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. എയർപോർട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലം എന്ന നിലയിലും ശംഖുംമുഖം റോഡിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

കടൽക്ഷോഭത്തിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാൾ നിർമ്മിച്ചുകൊണ്ട്, കടൽക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിർമ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റശേഷം മന്ത്രി ആദ്യം സന്ദർശിച്ച സ്ഥലങ്ങളിലൊന്നായിരുന്നു ശംഖുംമുഖം എയർപോർട്ട് റോഡ്. ‘Accelerate PWD’ യുടെ ഭാഗമായി നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തി.

റോഡ് പണിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും തുടർന്ന് നിരവധി തവണ റോഡിന്റെ പ്രവർത്തന പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തുകയും പരിശോധനകൾ നടത്തുകയും ചെയ്തു. 2018 ഓഖി ദുരന്തത്തിലാണ് ശംഖുംമുഖം റോഡിന്റെ തകർച്ച തുടങ്ങിയത്. തുടർന്നുള്ള വർഷങ്ങളിലുണ്ടായ ശക്തമായ കടൽക്ഷോഭത്തിലും തുടർച്ചയായ മഴയിലും റോഡ് പൂർണമായി തകരുകയായിരുന്നു.

NO COMMENTS