കൊറോണക്കെതിരേ കൈ കഴുകൂ; ബ്രേക്ക് ദ ചെയിന്‍ ജില്ലയിലും തരംഗമാവുന്നു

79

കാസറഗോഡ് : സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറ ക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന് ജില്ലയിലും പ്രചാരമേറുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ ജില്ലയിലുടനീളം കൈകഴുകല്‍ ക്യാമ്പയിനുകള്‍ ആരംഭിച്ചു. കുട്ടികളും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് ഇതിനകം തന്നെ നവമാധ്യമങ്ങളി ലൂടെയുള്ള പ്രചാരണത്തിന് മുന്നോട്ട് വന്നിട്ടുള്ളത്. ബ്രേക്ക് ദ ചെയിന്‍ എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്ന തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരും പൊതുജനങ്ങളും സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഈ സൗകര്യം പ്രയോജനപ്പെടുത്തി കൈകഴുകിയെന്ന് ഉറപ്പു വരുത്തിയാണ് ക്യാമ്പയിനിന്റെ ഭാഗമായത്

മാതൃകയായി കളക്ടറേറ്റും

ബ്രേക്ക് ദ ചെയിനില്‍ മാതൃകയായി കളക്ടറേറ്റിലും കൈകഴുകല്‍ ക്യാമ്പയിന്‍ ആരംഭിച്ചു. കളക്ടറേറ്റിലെ പ്രധാന പ്രവേശന കവാടത്തില്‍ രാവിലെ തന്നെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഹാന്‍ഡ് സാനിറ്റര്‍ (അണുനാശിനി) ലഭ്യമാക്കി. ഇതുപയോഗിച്ചതിന് ശേഷമാണ് ജീവനക്കാരും പൊതുജനങ്ങളും കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലേക്ക് പ്രവേശിച്ചത്. ക്യാമ്പയിന്റെ ഭാഗമായി പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ‘ബ്രേക്ക് ദ ചെയിന്‍’ കിയോസ്‌കുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

പൊതുസമൂഹം പിന്തുണക്കണം

കൈകഴുകല്‍ ക്യാമ്പയിനെ ബഹുജന ക്യാമ്പയിനായി മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ള പൊതുസമൂഹവൂം പിന്തുണ നല്‍കണമെന്ന് എ ഡി എം എന്‍ ദേവീദാസ് പറഞ്ഞു. റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഇതിനെ പിന്തുണക്കണം. ‘ബ്രേക്ക് ദ ചെയിന്‍’ കിയോസ്‌കുകള്‍ സ്ഥാപിച്ച് വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകള്‍ വൈറസ് മുക്തമായെന്ന് ഉറപ്പു വരുത്തണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണം.

പൊതുസമൂഹവും ഈ ക്യാമ്പയനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയതോതില്‍ കുറയ്ക്കുവാനും പകര്‍ച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനുമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള ആശംസ മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടണം. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.

NO COMMENTS