ഇന്ത്യയുടെ തന്ത്രപധാനമായ മുങ്ങിക്കപ്പലായ സ്കോര്‍പീന്റെ വിവരങ്ങള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന് ‘ദ ഓസ്ട്രേലിയന്‍’ ദിനപ്പത്രം

215

ന്യൂഡല്‍ഹി• ഇന്ത്യയുടെ തന്ത്രപധാനമായ മുങ്ങിക്കപ്പലായ സ്കോര്‍പീന്റെ വിവരങ്ങള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന് ഇതു ചോര്‍ത്തിയ വ്യക്തി കൈമാറുമെന്ന് ‘ദ ഓസ്ട്രേലിയന്‍’ ദിനപ്പത്രം. വിവരങ്ങള്‍ ചോര്‍ത്തിയതാരാണെന്ന് അധികൃതര്‍ക്കു മനസ്സിലായിട്ടുണ്ട്. തിങ്കളാഴ്ച വരെ ചോര്‍ച്ചയുടെ കാര്യം ഫ്രാന്‍സിനോ ഇന്ത്യയ്ക്കോ അറിയാമായിരുന്നില്ലെന്നും പത്രം പറയുന്നു.
ഇന്ത്യയുടെ പുതിയ മുങ്ങിക്കപ്പലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നതിനു ഫ്രാന്‍സിനു കഴിഞ്ഞില്ലെന്ന കാര്യം ഓസ്ട്രേലിയയെ ബോധ്യപ്പെടുത്തുകയായിരുന്നു രേഖകള്‍ പുറത്തുവിട്ടയാളുടെ ലക്ഷ്യം. ഫ്രാന്‍സുമായി സഹകരിച്ച്‌ ഓസ്ട്രേലിയ നിര്‍മിക്കുന്ന മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ഇത്തരത്തില്‍ പുറത്തുവരരുതെന്ന മുന്നറിയിപ്പു നല്‍കുകയായിരുന്നു ഉദ്ദേശ്യം.

50 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് ഓസ്ട്രേലിയ മുങ്ങിക്കപ്പല്‍ നിര്‍മിക്കുന്നത്.
ഒരു നിയമവും ലംഘിച്ചല്ല അയാളുടെ പ്രവര്‍ത്തനം. അതാരാണെന്ന് അധികൃതര്‍ക്കു അറിയാം. വിവരങ്ങളടങ്ങിയ ഡിസ്ക് തിങ്കളാഴ്ച സര്‍ക്കാരിനു കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകളെ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ‘ദി ഓസ്ട്രേലിയന്‍’ വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. മുങ്ങിക്കപ്പലിന്റെ അഗ്നിശമന സംവിധാനം, ശബ്ദക്രമീകരണ സംവിധാനം എന്നിവ സംബന്ധിച്ച വിവരങ്ങളാണിത്. 22,400 പേജുള്ള രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചതായി പത്രം കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ഇവയുടെ സ്വഭാവം സൂചിപ്പിക്കുന്ന ഏതാനും രേഖകള്‍ ആദ്യദിവസം പുറത്തുവിടുകയും ചെയ്തിരുന്നു. തന്ത്രപ്രധാനവും സുരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ കൈവശമുണ്ടെങ്കിലും പുറത്തുവിടുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. രണ്ടാംഘട്ട രേഖകളാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.

NO COMMENTS

LEAVE A REPLY